KSDLIVENEWS

Real news for everyone

‘ബ്ലാക്ക് ഫംഗസ് മരുന്നിന് വിദേശമലയാളികളുടെ സഹായം തേടും;ഓക്‌സീമീറ്ററുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം

SHARE THIS ON

പിണറായി വിജയന്‍ | തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത പൾസ് ഓക്സീമീറ്ററുകൾ വിപണിയിൽ നിന്ന് വാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പൾസ് ഓക്സീമീറ്ററുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സീമീറ്റർ മാത്രമേ വാങ്ങാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഗുണനിലവാരമില്ലാത്ത കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടുളള പൾസ് ഓക്സിമീറ്ററുകൾ വിപണിയിൽ നിന്ന് വാങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ശരീരത്തിന്റെ ഓക്സിജൻ നില കൃത്യമായി മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണ്. ഗുണനിലവാരമുളള പൾസ് ഓക്സീമീറ്റർ മാത്രമേ ഉപയോഗിക്കാൻ പാടുളളൂ. ഗുണനിലവാരമില്ലാത്ത പൾസ് ഓക്സീമീറ്ററുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സീമീറ്റർ മാത്രമേ വാങ്ങാവൂ. ആ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി ഉടൻ പരസ്യപ്പെടുത്തും.’ ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുളള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അവ ഉല്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകൾ ലഭ്യമാക്കാൻ മെഡിക്കൽ സർവീസ് കോർപറേഷനെ ചുമതലപ്പെടുത്താനും ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ‘കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില നിശ്ചയിച്ച സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പടെയുളള പല സ്ഥാപനങ്ങളും ഉത്തരവ് മറികടന്ന് ഇവ വിൽക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിട്ടുണ്ട്. ഇത്തരം നടപടികൾ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പടെയുളള നിയമനടപടികൾ സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!