KSDLIVENEWS

Real news for everyone

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നിലപാടുകളില്‍ സംശയം ഉന്നയിച്ച്‌ എംവി ജയരാജന്‍

SHARE THIS ON

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നിലപാടുകളില്‍ സംശയം ഉന്നയിച്ച്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ ഇല്ലാതാക്കണം. നടി സീല്‍ഡ് കവറില്‍ കൊടുത്ത കാര്യങ്ങള്‍ കോടതിയില്‍ നിന്നും പുറത്ത് പോയി. ജുഡീഷ്യറിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. ജുഡീഷ്യറിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ കൂട്ടത്തില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് ജുഡീഷ്യറി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇവ ഇല്ലായ്മ ചെയ്യണമെന്നും എംവി ജയരാജന്‍ പറഞ്ഞു.

അതിജീവിതക്കെതിരെ ഇടത് നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപി ജയരാജന്‍

തിരുവനന്തപുരം: അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടരും ശ്രമിക്കുന്നതെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. എറണാകുളത്ത് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതക്കെതിരെ ഇടത് നേതാക്കള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും പറഞ്ഞ ഇപി, യുഡിഎഫിന്റെ അധപതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞു.

നാടിന്റെ സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഇപി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ അക്രമങ്ങള്‍ അനുവദിക്കില്ല. വിഡി സതീശനാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറയേണ്ടത്. യുഡിഎഫിന്റെ വൃത്തികെട്ട പ്രചാരണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് വന്നു. ഇരയെ വേട്ടയാടാനാണ് സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി സി ജോര്‍ജിന്റെ പ്രസംഗത്തെ കുറിച്ച്‌ കോണ്‍ഗ്രസ്സ് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് പിന്തുണ വ്യാഖ്യാനം’; മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമെന്നും അതിജീവിത

തിരുവനന്തപുരം: ഈ കേസില്‍ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് അതിജീവിത. സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. താന്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകള്‍ കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. അത് സര്‍ക്കാരിനെതിരെ എന്ന നിലയില്‍ കണ്‍വേ ചെയ്യപ്പെട്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.

ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് അറിയിക്കാന്‍ കഴിഞ്ഞു. കേസില്‍ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വളരെ വളരെ സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.

താന്‍ കോടതിയില്‍ പോയതിന് പിന്നില്‍ കോണ്‍ഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അതിജീവിത പറഞ്ഞു. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നത് സ്ത്രീയായാലും പുരുഷനായാലും മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകും. എല്ലാവരുടെയും വായ എനിക്ക് അടച്ചുവെക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തയ്യാറല്ലെങ്കില്‍ താന്‍ മുന്‍പേ ഇട്ടിട്ട് പോകണമായിരുന്നു. തീര്‍ച്ചയായും സത്യാവസ്ത അറിയണമെന്നും തനിക്ക് നീതി കിട്ടണമെന്നും പറഞ്ഞ അതിജീവിത പക്ഷെ, തനിക്കെതിരെ ഇടത് നേതാക്കളില്‍ നിന്നുയര്‍ന്ന വിമര്‍ശനത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!