ഈ വേഷത്തില്‍ അഷ്‌റഫ് അയ്യപ്പന്‍മാരെ കൊണ്ടു പോയിട്ടുണ്ട്; വിദ്വേഷ പ്രചാരണത്തിനെതിരേ സഹപ്രവര്‍ത്തകന്‍

കെഎസ്ആര്‍ടിസി ബസില്‍ യൂണിഫോം ധരിക്കാതെ ജുബ്ബയും തൊപ്പിയുമടങ്ങുന്ന മതവേഷം ധരിച്ച് പിഎച്ച് അഷ്‌റഫെന്ന ഡ്രൈവര്‍ ജോലിക്കെത്തിയെന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിനെതിരേ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍. കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെ കണ്ടക്ടറായ ബിനു വാസവനാണ് അഷ്‌റഫിനെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് കുറിപ്പുമായി വന്നത്.
അഷ്‌റഫ് ഇതേ വേഷത്തില്‍ അയ്യപ്പന്‍മാരേയും കൊണ്ട് പമ്പയിലേക്ക് പോയിട്ടുണ്ടെന്ന് ബിനു കുറിപ്പില്‍ പറയുന്നു. ഉത്സവ, പള്ളി പെരുന്നാള്‍ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ വിശ്വാസികളെ കൊണ്ടുപോയതും ഇതേ വേഷത്തിലാണെന്നും ബിനു കൂട്ടിച്ചേര്‍ക്കുന്നു. ഒരു സാധു മനുഷ്യനായ അദ്ദേഹത്തെ കുറിച്ച് കുറച്ച് മനുഷ്യര്‍ എന്തൊക്കെയോ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണെന്നും ഫെയ്‌സ്ബുക്കില്‍ പഴയ സഹപ്രവര്‍ത്തകന്‍ കുറിക്കുന്നു.
സംഘ്പരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍ അടക്കമുള്ളവര്‍ ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കെഎസ്ആര്‍ടിസി യൂണിഫോം മാറ്റിയോ? എന്നായിരുന്നു പ്രതീഷ് വിശ്വനാഥന്റെ പോസ്റ്റ്.