KSDLIVENEWS

Real news for everyone

രാജ്കുമാറിന്റെ ചിതാഭസ്മവുമായി ദുബായില്‍ നിന്നും താഹിറ നാട്ടിലെത്തി; 2 വര്‍ഷം, ചെറുതല്ലാത്ത പരിശ്രമം

SHARE THIS ON

ദുബായ്: രണ്ടുവര്‍ഷം മുമ്പ് യു.എ.ഇ.യില്‍ കോവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ്കുമാര്‍ തങ്കപ്പന്റെ (44) ചിതാഭസ്മം ഒടുവില്‍ ജന്മനാട്ടിലെത്തി. യു.എ.ഇ.യില്‍ ആരോഗ്യ-സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശിനി താഹിറ കല്ലുമുറിക്കലാണ് വെള്ളിയാഴ്ച രാജ്കുമാറിന്റെ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തിയത്. ആദ്യമായാണ് യുഎഇയില്‍ മരിച്ച ഓരാളുടെ ചിതാഭസ്മം നാട്ടിലെത്തിക്കുന്നത്.

2020 മേയിലാണ് രാജ്കുമാര്‍ തങ്കപ്പന്‍ യു.എ.ഇ.യില്‍ കോവിഡ് ബാധിച്ചുമരിച്ചത്. ഏറ്റെടുക്കാന്‍ ആരുമില്ലാതെ മൃതദേഹം യു.എ.ഇ.യില്‍ തന്നെ സംസ്‌കരിക്കുകയായിരുന്നു. മക്കളുടെ ആവശ്യപ്രകാരം കോട്ടയം സ്വദേശി സിജോപോളാണ് രണ്ടര വര്‍ഷത്തോളം സ്വന്തം താമസസ്ഥലത്ത് ചിതാഭസ്മം സൂക്ഷിച്ചു വെച്ചത്. അമ്മയെ നേരത്തെ നഷ്ടപ്പെട്ട മക്കള്‍ക്ക് പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്നായിരുന്നു മൂന്ന് മക്കളുടെ മാതാവ് കൂടിയായ താഹിറ കല്ലുമുറിക്കല്‍ ചിതാഭസ്മം നാട്ടിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. തുടര്‍ന്ന് താഹിറ ചിതാഭസ്മം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

ഏറെ കടമ്പകളുണ്ടായിരുന്നു ചിതാഭസ്മം നാട്ടിലെത്തിക്കാന്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിലും കൂടുതലായിരുന്നു ഇതിനായുള്ള നടപടിക്രമങ്ങള്‍. ഇതെല്ലാം പൂര്‍ത്തിയാക്കിയാണ് താഹിറ ഇതുവരെ കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മവുമായി വിമാനം കയറിയത്. തുടര്‍ന്ന് ദുബായില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ താഹിറ ചിതാഭസ്മവുമായി കന്യാകുമാരിയിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!