KSDLIVENEWS

Real news for everyone

പ്രവാസിയായ ഭര്‍ത്താവ് പ്രതിമാസം അയക്കുന്നത് 8,000 രൂപ മാത്രം, ചെലവിനായി ബ്ലേഡ് കമ്ബനിയില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്തു; ഇന്ദുലേഖ ഭയപ്പെട്ടിരുന്നത് ഒറ്റക്കാര്യം

SHARE THIS ON

കുന്നംകുളം: ഭര്‍ത്താവ് അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പയെടുത്തതില്‍ എട്ടുലക്ഷത്തിന്റെ ബാദ്ധ്യത തീര്‍ക്കാന്‍ സ്വത്തിനായി ചായയില്‍ എലിവിഷം കലര്‍ത്തി മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മകള്‍ ഇന്ദുലേഖ (39) സമാനരീതിയില്‍ പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ് കണ്ടെത്തല്‍.

രുചിവ്യത്യാസം തോന്നിയ പിതാവ് ചന്ദ്രന്‍ ചായ കുടിക്കാത്തതിനാല്‍ രക്ഷപ്പെട്ടു.

കിഴൂര്‍ ചൂഴിയാട്ടയില്‍ രുക്മിണിയെ (58) കൊലപ്പെടുത്തിയ കേസില്‍ ഇന്ദുലേഖയെ ചോദ്യം ചെയ്തപ്പോഴായിരുന്നു വെളിപ്പെടുത്തല്‍. പാറ്റയെ കൊല്ലാനുള്ള വിഷമാണ് ചായയില്‍ കലര്‍ത്തി നല്‍കിയതെന്ന് ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവ് കഴിഞ്ഞ 17ന് അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭര്‍ത്താവ് ആഭരണത്തെക്കുറിച്ച്‌ ചോദിക്കുമെന്നും അത് കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ഇന്ദുലേഖ ഭയന്നു.

സ്വത്ത് കിട്ടിയില്‍ അതിലൊരുഭാഗം വിറ്റ് ബാദ്ധ്യത തീര്‍ക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിനായി മാതാപിതാക്കളുടെ പേരിലുള്ള വീടിനും 14 സെന്റ് സ്ഥലത്തിനുമായി വഴക്കിട്ടിരുന്നെങ്കിലും തങ്ങളുടെ കാലശേഷമേ നല്‍കൂ എന്നായിരുന്നു അവരുടെ നിലപാട്. സ്വത്ത് നേരത്തെ കിട്ടുന്നതിനുവേണ്ടിയായിരുന്നു കടുംകൈ. രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ഇന്ദുലേഖയ്ക്ക് സ്വത്ത് നല്‍കാമെന്ന് മാതാപിതാക്കള്‍ സമ്മതിച്ചിരുന്നതായാണ് വിവരം.

പൊലീസ് നടത്തിയ തെളിവെടുപ്പില്‍ രുക്മിണിക്ക് വിഷം നല്‍കാന്‍ ഉപയോഗിച്ച പാത്രങ്ങളും വിഷപ്പായ്ക്കറ്റും കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് രുക്മിണി മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്ന് ഇന്ദുലേഖ തന്നെയാണ് രുക്മിണിയെ 19ന് രാവിലെ കുന്നംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചത്. ഗ്‌ളൂക്കോസ് നല്‍കിയശേഷം വീട്ടിലെത്തിച്ചു. നില വഷളായതോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മഞ്ഞപ്പിത്തവും ഭക്ഷ്യ വിഷബാധയുമുണ്ടെന്നാണ് ഇന്ദുലേഖ പറഞ്ഞത്. പരിശോധനയില്‍ വിഷാംശം കണ്ടെത്തിയതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും മാതാവിനെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പിതാവ് ചന്ദ്രന്‍ ചായയിലെ രുചി വ്യത്യാസത്തെക്കുറിച്ചും ഭാര്യയുടെ മരണത്തില്‍ മകളെ സംശയിക്കുന്നതായും പറഞ്ഞത്. ഉത്സവപ്പറമ്ബുകളില്‍ ബലൂണ്‍ കച്ചവടക്കാരനാണ് ചന്ദ്രന്‍. രുക്മിണി കുന്നംകുളത്ത് സ്വകാര്യ ബിസ്‌കറ്റ് കമ്ബനിയില്‍ ജോലിക്ക് പോയിരുന്നു. ഇന്ദുലേഖയ്ക്ക് രണ്ട് മക്കളുണ്ട്. ഇന്ദുലേഖയെ റിമാന്‍ഡ് ചെയ്തു.

വില്ലന്‍ ഓണ്‍ലൈന്‍ റമ്മി?

ഓണ്‍ലൈന്‍ റമ്മി കളിയിലൂടെയാണ് എട്ടുലക്ഷത്തിന്റെ ബാദ്ധ്യത വന്നതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 17 കാരനായ ഒരു മകന്റെ ഫോണില്‍ ചില ഓണ്‍ലൈന്‍ ആപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴായി ചെറിയ തുകകള്‍ ഇന്ദുലേഖയില്‍ നിന്നും മകന്‍ വാങ്ങിയിരുന്നതായി സംശയമുണ്ട്. അതുകൊണ്ടു മാത്രം ഇത്രയും ബാദ്ധ്യതയുണ്ടാവില്ല. ഫോണുകള്‍ സൈബര്‍ സെല്ലില്‍ പരിശോധിപ്പിക്കും. ഇന്ദുലേഖയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

മകനാണോ മാതാവാണോ റമ്മി കളിച്ചത് എന്നതിലും വ്യക്തത വരാനുണ്ട്. ഭര്‍ത്താവ് പ്രതിമാസം 8,000 രൂപയാണ് അയയ്ക്കാറുള്ളതെന്നും വീട്ടുച്ചെലവുകള്‍ക്കുള്‍പ്പെടെ വന്ന ബാദ്ധ്യതയാണെന്നാണ് ഇന്ദുലേഖയുടെ മൊഴി. ബാദ്ധ്യത തീര്‍ക്കാന്‍ ബ്‌ളേഡ് കമ്ബനികളില്‍ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചനയുണ്ട്.

മാരക വിഷമേതെന്ന്

ഗൂഗിളില്‍ സെര്‍ച്ച്‌

കേസില്‍ വഴിത്തിരിവായത് കൊല്ലാനുള്ള മാരക വിഷത്തെക്കുറിച്ച്‌ ഇന്ദുലേഖ മൊബൈലില്‍ നടത്തിയ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി. മാരക വിഷമേത്? ഉള്ളില്‍ ചെന്നാല്‍ ലക്ഷണം ഏത്? എന്നിങ്ങനെയായിരുന്നു സെര്‍ച്ചുകള്‍. ഇതേക്കുറിച്ച്‌ പൊലീസ് ചോദിച്ചപ്പോള്‍ പതറിയതിനെത്തുടര്‍ന്ന് ഇന്ദുലേഖയെ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മാതാവിനെ കൊല്ലാന്‍ ഉപയോഗിച്ച എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാന്‍ ഇന്ദുലേഖ മകനെ എല്‍പ്പിച്ചിരുന്നു. ഇക്കാര്യം മകന്‍ മുത്തച്ഛനോട് പറഞ്ഞിരുന്നതായും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!