KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയെ കാണാന്‍ വീട്ടുകാരറിയാതെ തിരുവനന്തപുരത്തെത്തി, പൊലീസ് സ്റ്റേഷനില്‍ അന്തിയുറങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പരാതി കേട്ടയുടന്‍ ഇതായിരുന്നു ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞത്

SHARE THIS ON

തിരുവനന്തപുരം:വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കണ്ടു പരാതി പറയാന്‍ കോഴിക്കോട് കുറ്റ്യാടിയില്‍ നിന്ന് പുറപ്പെട്ട പതിനാറുകാരന്‍ നേരേ വച്ചു പിടിച്ചത് ക്ളിഫ് ഹൗസിലേക്ക്. രാത്രി മുഖ്യമന്ത്രിയുടെ വീടുതിരക്കിയെത്തിയെങ്കിലും അന്തിയുറങ്ങിയത് പൊലീസ് സ്റ്റേഷനില്‍. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ഇന്നലെ തന്റെ ഓഫീസിലേക്ക് വിളിപ്പിച്ച്‌ പരാതി കേട്ടശേഷം ഒരുമിച്ച്‌ നിന്നു ഫോട്ടോയും എടുത്തു.

വായ്പാതിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ശല്യം ഏറിയതോടെയാണ് ഇതിനൊരു പരിഹാരം തേടി കുറ്റ്യാടി കാക്കുനി സ്വദേശി രാജീവന്റെ മകന്‍ ദേവനന്ദന്‍ തിരുവനന്തപുരത്തേക്ക് വച്ചുപിടിച്ചത്. ആവള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയാണ്.

ശനിയാഴ്ച രാവിലെ വടകരയില്‍ നിന്ന് ഏറനാട് എക്സ്‌പ്രസില്‍ കയറി രാത്രി 9 മണിയോടെ തമ്ബാനൂരിലെത്തി. മുഖ്യമന്ത്രിയുടെ വസതിയില്‍ പോകണമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറി. ഓട്ടോക്കാരന്‍ നന്തന്‍കോട് ദേവസ്വം ജംഗ്ഷനില്‍ കൊണ്ടാക്കി. അവിടെ നിന്ന പൊലീസുകാരോട് മുഖ്യമന്ത്രിയുടെ വീട് തിരക്കി. പരാതി പറയാന്‍ വീട്ടുകാര്‍ അറിയാതെ വന്നതാണെന്ന് പറഞ്ഞതോടെ അവര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെ വിവരം അറിയിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തു. മകനെ കാണാതെ പരിഭ്രാന്തിയിലായിരുന്ന രക്ഷിതാവ് ഉടന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാവിലെ മ്യൂസിയം സ്റ്റേഷനിലെത്തി കാര്യം ധരിപ്പിച്ചു.

അപ്പോഴും മുഖ്യമന്ത്രിയെ കാണണമെന്ന് ദേവനന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ, എസ്.ഐ ജിജുകുമാര്‍ വിവരം മേലധികാരികളെ ധരിപ്പിച്ചു. കാര്യമറിഞ്ഞ മുഖ്യമന്ത്രി കൂട്ടിക്കൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കി. ചേംബറില്‍ കാണാനെത്തിയ ഇരുവരോടും വായ്പയുടെ വിവരങ്ങള്‍ ആരാഞ്ഞു. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേവനന്ദന്റെ ആഗ്രഹ പ്രകാരം ഒരുമിച്ച്‌ നിന്ന് ഫോട്ടോയും എടുത്തു. വീട്ടുകാര്‍ അറിയാതെ എങ്ങും പോകരുതെന്ന് വിലക്കുകയും ചെയ്തു. ഇരുവരെയും പൊലീസുതന്നെ മടങ്ങിപ്പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!