KSDLIVENEWS

Real news for everyone

അർണബ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക്; നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശം

SHARE THIS ON

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നു. ഒക്ടോബർ 28-ന്‌ (ബുധനാഴ്ച) രാവിലെ ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊടുമെന്നാണ് പ്രവചനം. ആന്ധ്രാപ്രദേശിനും യാനാമിനും ഇടയിൽ ബാപ്പട്ലയ്ക്കും വിശാഖപട്ടണത്തിനും മധ്യേ അർണബ് തീരം കടക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു.

തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം, വിശാഖപട്ടണത്തിന് ഏകദേശം 650 കിലോമീറ്റർ മാറിയാണ് കാറ്റിന്റെ കേന്ദ്രം സ്ഥിതി ചെയ്തിരുന്നത്. മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് നീങ്ങുന്നത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഇത് തീവ്ര ചുഴലിക്കാറ്റായും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്പെടുമെന്ന് കരുതപ്പെടുന്നു. തീരം തൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർവരെ തുടർച്ചയായ വേഗതയിൽ വീശിയടിക്കുന്ന കാറ്റിന്, പരമാവധി 140 കിലോമീറ്റർവരെ വേഗത കൈവരിക്കാൻ സാധിക്കും.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഢ്, പുതുച്ചേരി എന്നീ പ്രദേശങ്ങളിലാണ് കേന്ദ്രം മുന്നറിയിപ്പ് ശക്തമാക്കിയത്. ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ട് കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ ഒക്ടോബർ 29 വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റ് മുന്നിൽക്കണ്ട് ആന്ധ്രപ്രദേശിൽ 5.7 ലക്ഷം ആളുകളെ തിങ്കളാഴ്ച വൈകിട്ടോടെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുതിർന്ന സംസ്ഥാന ദുരന്തനിവാരണ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഒഡീഷ സർക്കാരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!