KSDLIVENEWS

Real news for everyone

അടിമാലിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു; കുത്തിയ ശേഷം വീട്ടിലിരുന്ന് ടി.വി. കണ്ട് പ്രതി

SHARE THIS ON

അടിമാലി: അടിമാലിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യാംപാറ സ്വദേശി അനിലാണ് (38) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മൂത്ത സഹോദരൻ പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ എത്തിയാണ് പ്രതി സഹോദരനെ കുത്തിയത്.

അടുത്തടുത്ത വീടുകളിലായിരുന്നു അനിലും പ്രസാദും താമസിച്ചിരുന്നത്. മോഷണക്കേസിൽപ്പെട്ട് ജയിലിലായിരുന്ന പ്രസാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുശേഷം മദ്യപിച്ചെത്തിയ ഇയാൾ അനിലിന്റെ വീട്ടിലെത്തുകയും സഹോദരനുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.

വാക്കുതർക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് അനിലിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. കൃത്യം നടത്തിയശേഷം ചോരയിൽ കുളിച്ചുകിടക്കുന്ന സഹോദരനെ അവഗണിച്ച് പ്രസാദ് വീട്ടിനുള്ളിലിരുന്ന് ടിവി കാണുകയായിരുന്നു. ഇയാൾ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു.

സംഭവം നടക്കുമ്പോൾ അനിലിന്റെ ഭാര്യയും കുട്ടികളും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ തിരികെയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ അനിലിനെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!