ഈജിപ്തിൽ ഇന്ധന ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം; 31 പേർക്ക് ദാരുണാന്ത്യം, 27 വാഹനങ്ങൾ കത്തിനശിച്ചു

കയ്റോ∙ ഈജിപ്തിലെ ഗിസ ഗവർണറേറ്റിൽ ഇന്ധന ടാങ്കർ മറിഞ്ഞു പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ വെന്തുമരിച്ചു. 21 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗിസയിലെ വറാഖ് ഡിസ്ട്രിക്ടിലെ റിങ് റോഡിൽ ഇന്നലെ വൈകുന്നേരമായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. മരണസംഖ്യ 31 ആയി ഉയർന്നതായി ഈജിപ്ഷ്യൻ ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പെട്രോളിയം ഉൽപന്നങ്ങളുമായി പോവുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതോടെയാണ് അപകടത്തിന്റെ തുടക്കം. മറിഞ്ഞ ടാങ്കറിന് തീപിടിക്കുകയും തുടർന്നുണ്ടായ ഉഗ്ര സ്ഫോടനങ്ങളിൽ തീ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് അതിവേഗം പടരുകയുമായിരുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ 27 വാഹനങ്ങൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
∙രക്ഷാപ്രവർത്തനത്തിനിടെയും അപകടം
അപകടം നടന്നയുടൻ ടാങ്കർ ഡ്രൈവറെ രക്ഷിക്കാൻ ഓടിയെത്തിയ പ്രദേശവാസികളായ യുവാക്കളും വഴിയാത്രക്കാരും തീഗോളത്തിൽ അകപ്പെട്ടത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സിവിൽ ഡിഫൻസ് സേന എത്തുന്നതിന് മുൻപ് തന്നെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുക്കാൻ ഇവർ ശ്രമിക്കുകയായിരുന്നു.
എന്നാൽ ഈ സമയം ടാങ്കറിൽ നിന്ന് ഇന്ധനം ചോരുകയും തുടർച്ചയായി സ്ഫോടനങ്ങൾ ഉണ്ടാവുകയും ചെയ്തു. നിമിഷനേരം കൊണ്ട് നാലുപാടും തീ ആളിപ്പടർന്നതോടെ ഡ്രൈവർക്കൊപ്പം രക്ഷിക്കാൻ എത്തിയവരും അഗ്നിനാളങ്ങളിൽ വെന്തുമരിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരക്കാഴ്ചയായി.
പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിനായി 39 ആംബുലൻസുകളാണ് ആരോഗ്യ മന്ത്രാലയം സംഭവസ്ഥലത്ത് വിന്യസിച്ചത്. ഗിസയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയും ഈജിപ്ഷ്യൻ റെഡ് ക്രസന്റ് വൊളന്റിയർമാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയിലൂടെ ആളുകളെ തിരിച്ചറിയാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വറാഖ് ജില്ലയിലെ തുരങ്കത്തിന് മുകളിലായാണ് അപകടം നടന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അപകടകാരണത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദേശം നൽകി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും റോഡിലെ അവശിഷ്ടങ്ങൾ നീക്കി ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി വരികയാണ്. ഇരകളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും അടിയന്തര സഹായങ്ങളും നൽകാൻ ആരോഗ്യ, സാമൂഹിക ഐക്യദാർഢ്യ മന്ത്രിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മന്ത്രിസഭ തുടർച്ചയായി യോഗം ചേരുന്നുണ്ട്.

