കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് 56 ശതമാനം അധിക വ്യാപന ശേഷി ; രോഗികളുടെ എണ്ണവും മരണ സംഖ്യയും വർധിച്ചേക്കാം ; മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠന റിപ്പോര്‍ട്ട്. കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ പേരെ രോഗബാധിതരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിന്റെ വ്യാപന നിരക്ക് 56 ശതമാനം അധികമാണെന്നും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടാനും മരണ സംഖ്യ വര്‍ധിക്കാനും സാധ്യതയുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിങ് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആണ് പഠനം നടത്തിയത്.
ഈ ഇനത്തിന് കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാന്‍ കഴിവുണ്ടോയെന്ന കാര്യത്തില്‍ തെളിവ് നല്‍കാന്‍ പഠനത്തിന് സാധിച്ചിട്ടില്ല.പുതിയ വൈറസ് വകഭേദത്തിന് 70 ശതമാനത്തോളം അധികം വ്യാപന ശേഷിയുണ്ടെന്നായിരുന്നു നേരത്തെയുള്ള നിഗമനം.
വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകളുടെ പ്രാഥമിക പരീക്ഷണങ്ങള്‍ക്ക് പല രാജ്യങ്ങളും അനുമതി നല്‍കുകയും മനുഷ്യരിലെ പരീക്ഷണം ആരംഭിക്കുകയും ചെയ്ത സ്ഥിതിയാണ് നിലവിലുള്ളത്. പുതിയതായി കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ക്ക് നേരത്തെയുള്ള വൈറസില്‍ നിന്ന് വലിയ വ്യത്യാസമില്ലെന്നും നിലവില്‍ വികസിപ്പിച്ച വാക്സിനുകള്‍ ഉപയോഗിച്ച് അവയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഫൈസര്‍, ബയോണ്‍ടെക് എസ്‌ഇ തുടങ്ങിയ മരുന്നു നിര്‍മാണക്കമ്ബനികള്‍ പറയുന്നു. എങ്കിലും കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഒന്നിലധികം വകഭേദങ്ങളുടെ കണ്ടെത്തല്‍ ആരോഗ്യ വിദഗ്ധരിലും അധികൃതരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കോവിഡിന്റെ വീണ്ടുമൊരു വ്യാപനം തടയാന്‍ മിക്ക രാജ്യങ്ങളും അതിര്‍ത്തികള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. ബ്രിട്ടന്‍ കൂടാതെ ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയത് ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണമായി. ലണ്ടന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയാല്‍ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

