മോഷ്ടാവെന്ന് ആരോപിച്ച് തമിഴ്നാട്ടില് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയൻകീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മർദ്ദിച്ചത്.
ഇന്നലെയാണ് സംഭവത്തിന്റെ തുടക്കം. മോഷ്ടാക്കളെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമവാസികൾ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മഹാത്മാ ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപു മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യ നിലയിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഇവർ മോഷണശ്രമം നടത്തിയോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്തിനാണ് ഇവർ തിരുച്ചിറപ്പള്ളിയിൽ എത്തിയത് എന്ന കാര്യത്തിലും പോലീസ് വിശദീകരണം നൽകിയിട്ടില്ല. ആൾക്കൂട്ട അക്രമണം എന്നാണ് പ്രാഥമികമായി പോലീസ് കരുതുന്നത്.

