കർണാടക പോലീസിന്റെ മാതൃകാ പ്രവൃത്തി;
ലോക ലഹരിവിരുദ്ധദിനത്തിൽ 1.35 കോടിയുടെ മയക്കുമരുന്ന് കത്തിച്ചു

മംഗളൂരു: ലോക ലഹരിവിരുദ്ധദിനത്തിൽ കർണാടക പോലീസിന്റെ മാതൃകാ പ്രവൃത്തി. ദക്ഷിണകന്നഡയിലും ഉഡുപ്പിയിലുമായി വിവിധ കേസുകളിൽ പിടിച്ചെടുത്ത 1,35,399,80 രൂപയുടെ മയക്കുമരുന്നുകൾ പോലീസ് കത്തിച്ചു. ലഹരിവിരുദ്ധദിനത്തിൽ കോടതിയുടെ അനുമതിയോടെയാണ് കൊക്കൈൻ, ബ്രൗൺഷുഗർ, എൽ.എസ്.ഡി. ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ പോലീസ് നശിപ്പിച്ചത്. ദക്ഷിണകന്നഡയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ മുൽകി-കൊൾനാട് വ്യവസായ മേഖലയിലെ ആർ.എ.എം.കെ. ബയോ-മെഡിക്കൽ മാലിന്യസംസ്കരണ കേന്ദ്രത്തിലും ഉഡുപ്പിയിൽനിന്ന് പിടിച്ചെടുത്തവ പഡുബിദ്രിയിലെ ആയുഷ് എൻവൈറോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ സംസ്കരണകേന്ദ്രത്തിലുമാണ് പ്രത്യേക സംവിധാനത്തിൽ കത്തിച്ചത്. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ 130 കിലോ കഞ്ചാവ്, 68 ഗ്രാം എം.ഡി.എം.എ., 41 സ്ട്രിപ്പ് എൽ.എസ്.ഡി., 18 മില്ലി കൊക്കൈൻ, 18 ഗ്രാം ബ്രൗൺഷുഗർ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് മൊത്തം 10 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. കർണാടകത്തിൽ എല്ലാ ജില്ലകളിലും പിടിച്ചെടുത്ത ലഹരിവസ്തുക്കളും ഇത്തരത്തിൽ കത്തിച്ചിട്ടുണ്ട്. ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി മുഖേന കോടതിയിൽനിന്ന് അനുമതിവാങ്ങിയശേഷമാണ് ഇവ കത്തിച്ചതെന്ന് ദക്ഷിണ കന്നഡ എസ്.പി. സൊനാവനെ റിഷികേശ് അറിയിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് അഞ്ചുകേസുകളിലായി പിടിച്ചെടുത്ത 25,11,080 രൂപ വിലവരുന്ന 2 221.9 കിലോ കഞ്ചാവും നശിപ്പിച്ചവയിൽപ്പെടുമെന്ന് എസ്.പി. അറിയിച്ചു. എസ്.പി. വിഷ്ണുവർധനന്റെ നേതൃത്വത്തിലാണ് ഉഡുപ്പിയിൽ ലഹരിവസ്തുക്കൾ കത്തിച്ചത്. 30,13100 രൂപ വിലയുള്ള 103 കിലോ കഞ്ചാവ്, 9,82500 രൂപ വിലയുള്ള പച്ച കഞ്ചാവ്, 30,33,300 രൂപ വിലവരുന്ന എം.ഡി.എം.എ. ഗുളികകൾ, 30 ലക്ഷം വിലവരുന്ന 990 എൽ.എസ്.ഡി. എന്നിവയാണ് ഉഡുപ്പിയിൽ നശിപ്പിച്ചത്.

