തായലങ്ങാടി ക്ലോക്ക് ടവർ മുതൽ തളങ്കര പള്ളിക്കാൽ വരെ;
യാത്രക്കാർക്ക് അപകടഭീഷണിയുയർത്തി ഏതുനിമിഷവും മറിഞ്ഞ് വീഴാറായ മരങ്ങൾ

തളങ്കര: തായലങ്ങാടി ക്ലോക്ക് ടവർ മുതൽ പള്ളിക്കാൽ മസ്ജിദ് വരെയുള്ള ഒരു കിലോമീറ്ററിൽ യാത്രക്കാർക്ക് ഭീഷണിയായി നിരവധി മരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നു. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഭാഗങ്ങൾ ഉടൻ മുറിച്ചുമാറ്റിയില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ട്. ശക്തമായ കാറ്റടിച്ചാൽ എതുനിമിഷവും മറിഞ്ഞുവീഴാവുന്ന രൂപത്തിലാണ് ഇവ റോഡിലേക്ക് തള്ളിനിൽക്കുന്നത്. മെഡോണ കോൺവെൻറിന് മുന്നിലുള്ള മരത്തിന്റെ ഒരുഭാഗം കഴിഞ്ഞദിവസം ഒടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. സ്കൂളില്ലാത്ത സമയമായതിനാൽ വലിയൊരു അപകടം ഒഴിവായി. തെരുവത്ത് പൊയക്കര ഹാജി പാർക്കിലേക്ക് കഴിഞ്ഞദിവസം മരം ഒടിഞ്ഞുവീണിരുന്നു. നിരവധി കുട്ടികൾ വൈകുന്നേരങ്ങളിൽ ഇവിടെ കളിക്കാൻ എത്തുന്നുണ്ട്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. റെയിൽവേ സ്റ്റേഷനിലേക്കും തളങ്കര മാലിക് ദീനാർ പള്ളിയിലേക്കും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. പള്ളിക്കാൽ മസ്ജിദിനും പാർക്കിനും മുന്നിലുള്ള മരങ്ങളാണ് കൂടുതൽ ഭീഷണി ഉയർത്തുന്നത്. മഴക്കാലം തുടങ്ങിയതോടെ യാത്രക്കാരും നാട്ടുകാരും വലിയ ആശങ്കയിലാണ്.

