ജമ്മുവില്‍ പദ്ധതിയിട്ടത് വന്‍സ്‌ഫോടനം; ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ 6 കിലോ സ്‌ഫോടക വസ്തു കണ്ടെത്തി

ശ്രീനഗർ: ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആറ് കിലോയോളം തൂക്കംവരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. സംഭവത്തിൽ ഒരു ലഷ്കർ ഈ തൊയ്ബ ഭകരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീർ പോലീസ് മേധാവ ദിൽബാഗ് സിങാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ തിരക്കേറിയ മേഖലയിൽ സ്ഥാപിക്കാനിരുന്ന സ്ഫോടക വസ്തുവാണ് പോലീസ് കണ്ടെടുത്തത്. ഇതിലൂടെ വലിയ സ്ഫോടന പദ്ധതിയാണ് ജമ്മു പോലീസ് ഇല്ലാതാക്കിയത്. സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരണം വന്നതോടെ അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ വ്യക്തിയെ ചോദ്യം ചെയ്തുവരികയാണ്. സ്ഫോടനത്തിൽ കൂടുതൽ പേരെ ഉടൻ പിടികൂടാനുള്ള സാധ്യതയുണ്ടെന്നും ജമ്മുകശ്മീർ ഡിജിപി അറിയിച്ചു. വ്യോമതാവളത്തിലെ രണ്ടു സ്ഫോടനങ്ങൾക്കും ഉപയോഗിച്ചത് സ്ഫോടക സാമഗ്രികൾ വഹിക്കുന്ന ഡ്രോണുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജമ്മു പോലീസ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. ഞായറാഴ്ച പുലർച്ചയോടെയാണ് ജമ്മുവിലെ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടു പേർക്ക് പരിക്കേൽക്കുകയും ഒരു കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി നടത്തുന്ന ആക്രണത്തിൽ സുരക്ഷാവൃത്തങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സുരക്ഷ സാഹചര്യം അവലോകനം ചെയ്ത് വരികയാണെന്ന് കേന്ദ്ര സർക്കാർ അധികൃതർ പറഞ്ഞു. ജമ്മുവിലെ നിർവാൾ പ്രദേശത്ത് നിന്ന് പോലീസ് ഒരു തീവ്രവാദിയെ പിടികൂടുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളെയും ചോദ്യം ചെയ്തതിലൂടെ ചില വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

