KSDLIVENEWS

Real news for everyone

ഏഴുവയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശചെയ്തു; അമ്മയ്ക്ക് 40 വര്‍ഷം തടവ്

SHARE THIS ON

തിരുവനന്തപുരം: ഏഴുവയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഇതിന് പുറമെ ആറ് മാസം കഠിന തടവും അനുഭവിക്കണം. മാത്രമല്ല ഇരുപതിനായിരം രൂപ പിഴയും ഇവര്‍ ഒടുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. ലീഗല്‍ സര്‍വീസസ് അതോറിറ്റി കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ സ്ത്രീയുടെ ഏഴുവയസുള്ള മകളും കൂടെയുണ്ടായിരുന്നു. ശിശുപാലന്‍ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു മറുപടി. തുടര്‍ന്നും കുട്ടിയെ ശിശുപാലന്റെ വീട്ടില്‍ കൊണ്ട് പോവുകയും അമ്മയുടെ സാന്നിധ്യത്തില്‍ പീഡനം ആവര്‍ത്തിക്കുകയും ചെയ്തു. പതിനൊന്നുകാരിയായ ചേച്ചി ഇടയ്ക്ക് വീട്ടില്‍ വന്നപ്പോള്‍ പീഡനവിവരം പെണ്‍കുട്ടി പറഞ്ഞു. അപ്പോഴാണ് ശിശുപാലന്‍ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ മൂത്ത മകളുടെ അച്ഛന്‍ മനോരോഗിയാണ്. ഇരയായ കുട്ടിയുടെ അച്ഛന്‍ മറ്റൊരാളാണ്. അനുജത്തിയും പീഡനത്തിന് ഇരയായതോടെ ചേച്ചി കുട്ടിയേയും കൂട്ടി വീട്ടില്‍ നിന്ന് രക്ഷപെട്ട് അച്ഛന്റെ അമ്മയുടെ വീട്ടില്‍ എത്തി വിവരം പറഞ്ഞു. ശിശുപാലനോടുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അമ്മൂമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ഇതിനിടെ പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസമായി. അയാളും അമ്മയുടെ സഹായത്തോടെ പീഡിപ്പിച്ചുവെന്നാണ് കുട്ടികള്‍ പറയുന്നത്. ഇതോടെ അമ്മൂമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടികള്‍ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലന്‍ ആത്മഹത്യ ചെയതു. അതിനാല്‍ അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികള്‍ നിലവില്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി. പള്ളിക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്. 22 സാക്ഷികളെയും 33 രേഖകളും കോടതിയില്‍ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!