KSDLIVENEWS

Real news for everyone

കവരത്തിയിലെ ജില്ലാ ആശുപത്രി പൊളിക്കാൻ നീക്കം; ദ്വീപുകാർ ആശങ്കയിൽ

SHARE THIS ON

കവരത്തി: കവരത്തിയിലുള്ള ഇന്ദിരാഗാന്ധി ജില്ലാ ആശുപത്രി പൊളിച്ചുമാറ്റാനുള്ള ലക്ഷദ്വീപ് അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്ത് നഴ്സിംഗ് കോളേജ് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ പകരം സൗകര്യപ്രദമായ ആശുപത്രി സംവിധാനമില്ലാതെ നിലവിലുള്ള ആശുപത്രി പൊളിക്കരുതെന്നാണ് ദ്വീപ് നിവാസികളുടെ ആവശ്യം.

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നുള്ളവർ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് കവരത്തിയിലെ ഇന്ദിരാഗാന്ധി ജില്ലാ ആശുപത്രി. മറ്റു പത്തു ദ്വീപുകളിലെയും റഫറൽ ആശുപത്രി കൂടിയാണിത്.

ദ്വീപുകളിൽ ചികിത്സാ സൗകര്യങ്ങൾ പരിമിതമായതിനാൽ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ പലപ്പോഴും ദ്വീപിൽനിനിന്ന് കൊച്ചിയിലേക്ക് ഹെലികോപ്ടറിൽ എത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ആശുപത്രി പൊളിച്ചുമാറ്റാനുള്ള തീരുമാനം ജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുമോ എന്നതാണ് നാട്ടുകാരുടെ ആശങ്ക. ആശുപത്രി താൽക്കാലികമായി കലാ അക്കാദമിയുടെയും സെൻട്രൽ ലൈബ്രറിയുടെയും കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ പറയുമ്പോഴും ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഈ കെട്ടിടങ്ങളിൽ ലഭ്യമാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇന്ദിരാഗാന്ധി ജില്ലാ ആശുപത്രിയുടെ വികസനത്തിനായി നേരത്തെ ഒരു കെട്ടിടം നിർമിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇതിൻ്റെ നിർമാണപ്രവർത്തനങ്ങളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും അതിനായി നിലവിലുള്ള ആശുപത്രി സൗകര്യങ്ങൾ ഇല്ലാതാക്കരുതെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. നഴ്സിംഗ് കോളേജിനായി മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും പുതിയ ആശുപത്രി പൂർണമായും സജ്ജമാക്കിയ ശേഷമേ നിലവിലുള്ള കെട്ടിടം പൊളിക്കാവൂ എന്നുമാണ് ദ്വീപുകാരുടെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!