രാജപുരത്ത് വീട് കുത്തിത്തുറന്ന് കവർച്ച: പത്തരപ്പവൻ നഷ്ടപ്പെട്ടു

രാജപുരം: ക്രിസ്മസ് ദിനത്തിൽ വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് കവർച്ച. പത്തര പവൻ നഷ്ടപ്പെട്ടു. രാജപുരം ടൗണിന് സമീപത്തെ മഴുവഞ്ചേരിക്കാലായിൽ രാജു മാത്യുവിന്റെ വീട്ടിലാണ് ക്രിസ്മസ് രാത്രിയിൽ മോഷണം നടന്നത്. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ രാജുവും കുടുംബവും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ പോയിരുന്നു. രാത്രി 11.30-ഓടെ തിരിച്ചെത്തി വീടിന്റെ മുൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡോർ ലോക്കിന്റെ പ്രശ്നമാണെന്ന് കരുതി കുടുംബം സഹോദരന്റെ വീട്ടിലേക്കുതന്നെ തിരിച്ചുപോയി. തുടർന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്റെയും പിൻവശത്തെ ഗ്രില്ലിന്റെയും പൂട്ട് തകർത്തത് ശ്രദ്ധയിൽപ്പെട്ടത്.
മുൻവശത്തെ വാതിൽ തുറക്കാൻകഴിയാത്ത വിധം വീടിനകത്തെ സോഫാ സെറ്റ് വാതിൽ കൈപിടിയിൽ ഉറപ്പിച്ചുവച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ശനിയാഴ്ച ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. രാജപുരം ടൗണിലെ സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.

