KSDLIVENEWS

Real news for everyone

കാട്ടുപന്നിയെ ഉപദ്രവജീവിയായി പ്രഖ്യാപിക്കൽ : പട്ടികയിൽ ജില്ലയെയും ഉൾപ്പെടുത്തണം -കർഷകർ

SHARE THIS ON

കാനത്തൂർ: മലയോരമേഖലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപദ്രവകാരികളായ ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വനംവകുപ്പ് നൽകുന്ന ശുപാർശയിൽ ജില്ലയെ കൂടി ഉൾപ്പെടുത്തണമെന്ന്‌ സംയുക്ത കർഷകസമിതി ആവശ്യപ്പെട്ടു.
വിളവെടുപ്പിന് പാകമായ കപ്പ, കിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയ വിളകൾ കാട്ടുപന്നികൾ കൂട്ടമായി കൃഷിയിടത്തിലിറങ്ങി നശിപ്പിക്കുന്നുണ്ട്. വന്യജീവിസംരക്ഷണനിയമത്തിലെ മൂന്നാംഷെഡ്യൂളിൽ ഉൾപ്പെട്ട മൃഗമായതിനാൽ ഇവയെ കർഷകർക്ക് ഇല്ലായ്മചെയ്യാനാകില്ല.
എന്നാൽ, കേന്ദ്രം ഉപദ്രവകാരിയായ ജീവിയായി പ്രഖ്യാപിച്ചാൽ പ്രഖ്യാപനം നിലനിൽക്കുന്ന കാലയളവുവരെ ഇവയെ ഇല്ലായ്മ ചെയ്യാനാവും. കാട്ടുപന്നികളെ ഉപദ്രവകാരിയായ ജീവിയായി പ്രഖ്യാപിക്കുന്നതിന് എട്ട് ജില്ലകളിലെ 477 വില്ലേജുകൾ ഉൾപ്പെടുത്തി സംസ്ഥാനം, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാൽ, പട്ടികയിൽ ജില്ല ഉൾപ്പെട്ടിരുന്നില്ല. കേന്ദ്രത്തിനയച്ച ശുപാർശ വൈൽഡ് ലൈഫ് വാർഡന്റെ നിർദേശമില്ലെന്ന കാരണത്താൽ കേന്ദ്രം തിരിച്ചയക്കുകയും ചെയ്തു. നിർദേശമുൾപ്പെടുത്തി വീണ്ടും കേന്ദ്രത്തിന് അയക്കുമ്പോൾ ജില്ലയിലെ മുഴുവൻ വില്ലേജുകളും ഉൾപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.

ഇതുസംബന്ധിച്ച് കിഫ, ‘ആനക്കാര്യം’ വാട്ട്സ് ആപ്പ് കൂട്ടായ്മ ഇവയുൾപ്പെട്ട സംയുക്ത കർഷകസമിതി ഡി.എഫ്.ഒ.യ്ക്ക് നിവേദനം നൽകി. വനംമന്ത്രി, സി.സി.എഫ്., എം.പി., എം.എൽ.എ. എന്നിവർക്കും നിവേദനം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബി.കെ.നാരായണൻ, പി.ഗോപിനാഥൻ നായർ കാലിപ്പള്ളം, പി.രാമചന്ദ്രൻ നായർ, ഇ.ബി.കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി
രണ്ടുമാസത്തിനിടെ കാട്ടുപന്നിയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ച സംഭവങ്ങളുണ്ടായിട്ടും ജില്ലയെ വനംവകുപ്പ് പരിഗണിക്കാതിരുന്നത് പ്രതിഷേധാർഹമാണ്. പന്നികളുടെ അക്രമത്തിൽ രണ്ട് സ്കൂട്ടർ യാത്രക്കാർക്കും പരിക്കുപറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!