KSDLIVENEWS

Real news for everyone

ജില്ലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നടപ്പിലാക്കിയത് 4295 കോടിയുടെ പദ്ധതികൾ- മുഖ്യമന്ത്രി

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ നടപ്പിലാക്കിയത് 4295 കോടി രൂപയുടെ പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവരുമായി പടന്നക്കാട്ടെ ബേക്കൽ ക്ലബ്ബിൽ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രകൃതിക്ഷോഭവും പകർച്ചവ്യാധികളും സൃഷ്ടിച്ച വെല്ലുവിളികളെ ഒരേ മനസ്സോടെ നേരിട്ട് സർവതലസ്പർശിയായ വികസനത്തിന്റെ പാതയിൽ മുന്നേറാൻ സംസ്ഥാനത്തിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയുടെ ടൂറിസം-ഐ.ടി. മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകും. 1970-ൽ ചന്ദ്രഭാനു കമ്മിഷൻ വിഭാവനം ചെയ്ത പെരുമ്പട്ട പാലം രണ്ടുമാസത്തിനകം പൂർത്തിയാക്കും. മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് ഉയർത്തിപ്പിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തുമ്പോൾ അനിശ്ചിതാവസ്ഥയിലായിരുന്ന പല വികസന സംരംഭങ്ങളും സാക്ഷാത്കരിക്കാൻ സർക്കാരിന് സാധിച്ചു. പാലായി റഗുലേറ്റർ കംബ്രിഡ്ജ് 45 ദിവസത്തിനകം യാഥാർഥ്യമാകും.

മടിക്കൈയിൽ മാംസ ഉത്‌പാദനത്തിനും സംസ്‌കരണത്തിനുമുള്ള വിപുലമായ പദ്ധതിക്ക്‌ 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി ഒരുമാസത്തിനകം ആരംഭിക്കും. കബഡി അക്കാദമി രണ്ടുമാസത്തിനകം യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്ന ഉദ്യോഗസ്ഥർ വർക്കിങ്‌ അറേഞ്ച്‌മെന്റിൽ പോകുന്നതും ദീർഘാവധി എടുക്കുന്നതും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനായി. പ്ലാനിങ്‌ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, പ്ലാനിങ്‌ ബോർഡ് അംഗം രാംകുമാർ, മുൻ എം.പി. പി. കരുണാകരൻ, എം.എൽ.എ.മാരായ എം. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കെ.പി. സതീഷ് ചന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ബേബി ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
കാർഷിക സർവകലാശാല പ്രാദേശിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. വനജ, സുപ്രീംകോടതി അഭിഭാഷകൻ ദിനേശൻ, ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ, ഡോ. ഷീന ഷുക്കൂർ, ഫാദർ ജോസ്, അബ്ദുൾ ഖാദർ മദനി മടവൂർ, ഗോകുൽദാസ് കമ്മത്ത്, ഡോ. സുരേഷ്, എൻ.എ. അബൂബക്കർ, ഫാദർ ജോസ് (നവജീവൻ), ജോയി മഞ്ചേശ്വരം, സി,എച്ച്. യൂസഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!