ദുരന്തം ; പയസ്വിനിപ്പുഴയിൽ 4 സ്ത്രീകൾ ഒഴുക്കിൽപ്പെട്ടു, നാട്ടുകാരുടെ സമയോജിത ഇടപെടലിൽ രക്ഷപ്പെടുത്തി ; രക്ഷിക്കാൻ ചാടിയയാൾ മരണപ്പെട്ടു.

മുള്ളരിയ • ദുരന്തമുഖത്ത് എങ്ങനെ ഉണർന്നു പ്രവർത്തിക്കണമെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു കടുമനയിലെ ഉദയനും ജയനും . ഇരുവരുടെയും സമയോചിത ഇടപെടലാണ് പയസ്വിനിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട 4 സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് . പുഴയിലേക്ക് ചാടിയിറങ്ങി രക്ഷപ്പെടുത്തുന്നത് അപകടം നിറഞ്ഞതായതിനാൽ മുള കൊണ്ടുള്ള വലിയ തോട്ടി വെള്ളത്തിലേക്ക് ഇട്ടുകൊടുത്താണ് ഇവർ 4 പേരെയും രക്ഷപ്പെടുത്തിയത് . ഇതിനിടയിലും ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തത് വലിയ നൊമ്പരമായി . തേപ്പ് തൊഴിലാളിയായ ജയൻ ക്രിസ്മസ് അവധിയായതിനാൽ വെള്ളിയാഴ്ച പണിക്ക് പോയിരുന്നില്ല . കെഎസ്ഇബിയിലെ കരാർ തൊഴിലാളിയായ ഉദയനും വീട്ടിൽതന്നെയുണ്ടായിരുന്നു . ഉച്ച ഭക്ഷണം കഴിച്ച ശേഷം ജയൻ പതിവുപോലെ നാട്ടുകാർ കൂടിയിരിക്കാറുള്ള പുഴവക്കിലെ കടയുടെ സമീപം ഇരിക്കുകയായിരുന്നു . അവധി ദിവസങ്ങളിൽ പുറമെ നിന്നടക്കം ഒട്ടേറെപ്പേർ കടുമനയിലേക്ക് കുളിക്കാനെത്താറുണ്ട് . ഇവിടെയുള്ള തൂക്കുപാലവും പരന്നു കിടക്കുന്ന പുഴയുമാണ് ആളുകളെ ആകർഷിക്കുന്നത് . അൽപ നേരം കഴിഞ്ഞപ്പോഴാണ് പുഴയിൽ നിന്നു രണ്ടു സ്ത്രീകളുടെ നിലവിളി കേട്ടത് . നോക്കിയപ്പോൾ 4 സ്ത്രീകൾ വെള്ളത്തിൽ കിടന്ന് പിടയുന്ന കാഴ്ചയാണ് കണ്ടത് . ഉടൻ തന്നെ ജയൻ കുറച്ച് അപ്പുറത്തുണ്ടായിരുന്ന ഉദയനെ വിളിച്ചു വരുത്തി . കെഎസ്ഇബിയിലെ ടച്ചിങ്സ് വെട്ടിമാറ്റുന്ന ഉദയന്റെ കയ്യിൽ മുള കൊണ്ടുള്ള വലിയ തോട്ടി ഉണ്ടായിരുന്നു . പുഴയുടെ സമീപത്തെ ഒരു വീട്ടിലാണ് തോട്ടി ഉണ്ടായിരുന്നത് . അതുമായിട്ടാണ് ഉദയൻ എത്തിയത് .
തോട്ടി വെള്ളത്തിലേക്ക് നീട്ടിക്കൊടുത്തപ്പോൾ 3 പേർ അതിൽ പിടിച്ചു . അവരെ വലിച്ചു കരയിലേക്ക് കയറ്റി . ഒരു സ്ത്രീ അൽപം താഴെയായി മരണത്തോട് മല്ലിടുകയായിരുന്നു . അവരെ ജയൻ നീന്തി കരയിലേക്ക് എത്തിച്ചു.വിൻസെന്റിന്റെ മകൾ പ്രീതിക , രണ്ടാം ഭാര്യ തളങ്കരയിലെ നസീമയുടെ ആദ്യ വിവാഹത്തിലെ മക്കളായ തിന , തസ്ലിഫ , അയൽവാസി ശശികല എന്നിവരാണ് ഒഴുക്കിൽപ്പെട്ടത് . പുറത്തെടുക്കുമ്പോഴേക്കും 2 പേരുടെ ബോധം ഏതാണ്ട് നഷ്ടമായിരുന്നു . പുറത്തെടുത്തതിനു ശേഷവും വിൻസെന്റിനെ കാണാത്ത കാര്യം അവർ പറഞ്ഞില്ല . ആദൂർ പൊലീസ് എത്തി ഇവരോട് കാര്യങ്ങൾ ചോദിച്ചപ്പോൾ മാത്രമാണ് വിൻസെന്റിനെ കാണാതായ കാര്യം പറയുന്നത് . തുടർന്നു നീന്തൽ അറിയാവുന്ന നാട്ടുകാർ പുഴയിൽ മുങ്ങി നോക്കിയെങ്കിലും കണ്ടെത്താൻ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല . അവധി ദിവസമായതു കൊണ്ടു മാത്രമാണ് ജയനും ഉദയനും സ്ഥലത്തുണ്ടായിരുന്നത് . പകൽ സമയത്ത് ഇവിടെ നാട്ടുകാർ തീരെ ഉണ്ടാകാറില്ല . അപകടത്തിന് വഴിവച്ചത് അശ്രദ്ധ പുറമെ കാണുമ്പോൾ പയസ്വിനി വളരെ ശാന്തമായി ഒഴുകുന്ന സ്ഥലമാണ് കടുമന് . പക്ഷെ അടിത്തട്ടിലെ ഒഴുക്ക് പുഴയിൽ ഇറങ്ങിക്കഴിയുമ്പോൾ മാത്രമേ തിരിച്ചറിയാൻ കഴിയൂ . ഇതാണ് ബെംഗളൂരു സ്വദേശിയായ വിൻസെന്റിന്റെ ജീവനെടുത്തതും . ഭാര്യമാരായ നാൻസി , നസീമ , മകൾ പ്രീതിക ( 14 ) ,

രണ്ടാം ഭാര്യ നസീമയുടെ ആദ്യ വിവാഹത്തിലെ മക്കളായ തസ്മിന ( 21 ) , തസ്ലിഫ ( 22 ) , അയൽവാസി ശശികല എന്നിവരാണ് കടുമനയിലെത്തിയത് . ഇതിൽ വിൻസെന്റും ഭാര്യമാരും പുഴയിലിറങ്ങാതെ കരയിൽ ഇരിക്കുകയായിരുന്നു . ബാക്കിയുള്ളവർ വെള്ളത്തിൽ ഇറങ്ങി കളിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നു . ഇവരെ രക്ഷിക്കാനാണ് വിൻസെന്റ് പുഴയിലേക്ക് ചാടിയത് .

