കോവിഡ് അവസാനത്തേതല്ല; അടുത്ത മഹാമാരിയെ പ്രതിരോധിക്കാന് നാം ഒന്നും ചെയ്യുന്നില്ല- കോകാരോഗ്യ സംഘടനാ മേധാവി

ജനീവ: ലോകം അഭിമുഖീകരിക്കുന്ന അവസാന മഹാമാരിയായിരിക്കില്ല കോവിഡ് 19 എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇത്തരം മഹാമാരികൾ പൊട്ടിപ്പുറപ്പെടുമ്പോൾ അത് നിയന്ത്രണവിധേയമാക്കാൻ പണം ചെലവഴിക്കുകയും എന്നാൽ അടുത്ത മഹാമാരിയെ നേരിടാൻ തയ്യാറെടുക്കാതിരിക്കുകയും ചെയ്യുന്ന ലോകത്തിന്റെ ദീർഘവീക്ഷണമില്ലായ്മയെ ടെഡ്രോസ് അപലപിക്കുകയും ചെയ്തു. കോവിഡ് 19 മഹാമാരിൽ നിന്ന് ഒരു പാഠം പഠിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പരിഭ്രാന്തരാവുക, അവഗണിക്കുക വളരെക്കാലമായി ലോകം ഈരീതിയിലാണ് മുന്നോട്ടുപോകുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെടുമ്പോൾ അത് നിയന്ത്രണവിധേയമാക്കുന്നതിനായി പണം ചെലവഴിക്കുകയും, മഹാമാരിയെ അതിജീവിച്ചുകഴിയുമ്പോൾ അതിനെ മറക്കും. അടുത്തതിനെ പ്രതിരോധിക്കാനായി യാതൊരു തയ്യാറെടുപ്പുകളും സ്വീകരിക്കുകയുമില്ല. ഇത് വളരെയധികം അപകടം നിറഞ്ഞ ദീർഘ വീക്ഷണമില്ലായ്മയാണ്. മനസ്സിലാക്കാൻ ബുദ്ധിമുട്ടുളളതും.
ദി ഗ്ലോബൽ പ്രിപ്പയേഡ്നെസ്സ് മോണിറ്ററിങ് ബോർഡിന്റെ 2019 സെപ്റ്റംബറിലെ ആദ്യ വാർഷിക റിപ്പോർട്ടിൽ ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ അഭിമുഖീകരിക്കാൻ ലോകം സജ്ജമല്ലെന്ന് പരാമർശിച്ചിരുന്നു. കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിന് കുറച്ച് മുമ്പാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ചരിത്രം നമ്മോട് പറയുന്നത് ഇത് അവസാനത്തെ മഹാമാരി അല്ലെന്നാണ്.
മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യം എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മഹാമാരി ഉയർത്തിക്കാണിച്ചിട്ടുണ്ട്. ഇവ അഭിസംബോധന ചെയ്യാതെ, കാലാസ്ഥാവ്യതിയാനത്തെ പരിഹരിക്കാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ ഫലവത്താവില്ല.
കഴിഞ്ഞ 12 മാസങ്ങൾക്കുള്ളിൽ നമ്മുടെ ലോകം കീഴ്മേൽ മറിഞ്ഞു. അസുഖത്തേക്കാൾ അതുണ്ടാക്കിയ പ്രതിഫലനങ്ങൾ സമൂഹത്തിലും സമ്പദ്ഘടനയിലും ദൂരവ്യാപകമായ ഫലങ്ങളാണ് ഉണ്ടാക്കിയത്. മഹാമാരിയിൽ നിന്ന് പാഠം പഠിക്കാൻ നാം തയ്യാറാകണം. ഇത്തരത്തിലുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാൻ ലോകം മുഴുവൻ തയ്യാറെടുക്കണം. നമ്മുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ലോകം വാഗ്ദാവം ചെയ്യാൻ സാധിക്കണം.’- ടെഡ്രോസ് പറഞ്ഞു.

