രജനികാന്ത് ആശുപത്രി വിട്ടു; പൂര്‍ണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍

ഹൈദരാബാദ്: രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെത്തുടർന്ന് ഹൈദരാബാദിൽ ചികിത്സയിലായിരുന്ന നടൻ രജനികാന്ത് ആശുപത്രി വിട്ടു. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാൻ ശ്രദ്ധയും വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതോടെ രജനിയുടെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആശങ്കകൾ ഉയർന്ന് തുടങ്ങി.
ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണം എന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയത്. ഒരാഴ്ച പൂർണമായും ബെഡ് റെസ്റ്റ്, ടെൻഷൻ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, കോവിഡ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും ഡോക്ടർമാർ താരത്തിന് മുന്നറിയിപ്പ് നൽകി. കുറച്ച് വർഷം മുൻപ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിർദേശം.
ഇതോടെ അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങ് മുടങ്ങിയതിനൊപ്പം രജനിയുടെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപനവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പാർട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കാനായിരുന്നു രജനിയുടെ തീരുമാനം. ഒരാഴ്ചത്തെ പൂർണ വിശ്രമത്തിലായിരിക്കും ഈ സമയത്ത് രജനി. പാർട്ടി രൂപീകരണവുമായി മുന്നോട്ട് തന്നെ പോകാനാണ് രജനിയുടെ തീരുമാനമെങ്കിൽ ട്വിറ്ററിലൂടെയെങ്കിലും പാർട്ടി പ്രഖ്യാപന തീയതി രജനി അറിയിക്കും. എന്നാൽ പാർട്ടി പ്രഖ്യാപന തീയതി അറിയിക്കാൻ വൈകിയാൽ പാർട്ടി രൂപീകരണത്തിൽ നിന്ന് രജനി പിന്നാക്കം പോകുന്നു എന്ന് വിലയിരുത്തപ്പെടും.
കോവിഡ് പിടിപെടാതെ നോക്കണം എന്ന നിർദശമുള്ളതിനാൽ രജനിക്ക് പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുമോ എന്ന സംശയവും ഉയരുന്നു. എന്നാൽ പാർട്ടി പ്രഖ്യാപനവുമായി മുന്നോട്ട് പോകണം എന്ന് ആർഎസ്എസ് സൈദ്ധാന്തികനും രാഷ്ട്രീയ ഉപദേശകനുമായ ഗുരുമൂർത്തി രജനികാന്തിനോട് ആവശ്യപ്പെട്ടതായി അനൗദ്യോഗിക വിവരമുണ്ട്. ഡിസംബർ 31 ന് ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും

