അഴിമതിക്കെതിരേ നടപടിയെടുക്കാൻ എല്‍.ഡി.എഫിന് അര്‍ധ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ആവശ്യമില്ല: കോടിയേരി

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിഷയത്തിൽ ബിജെപിയും യുഡിഎഫും അഴിമതി വിരുദ്ധ വാചകമടി മത്സരം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണമെന്നാൽ അഴിമതിയുടെ ചക്കരക്കുടമെന്നാണ് രണ്ട് കൂട്ടരും കരുതുന്നത്. അത്തരക്കാരാണ് ഇപ്പോൾ ലോകായുക്ത ഭേദഗതിക്കെതിരേ രംഗത്ത് വരുന്നതെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
ഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് യുഡിഎഫ് ആവശ്യപ്പെടുമ്പോൾ ബിജെപിയും ഇക്കാര്യത്തിൽ ഗവർണറുടെമേൽ സമ്മർദം ചെലുത്തുകയാണ്. നിലവിലുള്ള നിയമം മാതൃകാപരമാണെങ്കിൽ എന്തുകൊണ്ടാണ് കോൺഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാൻ രാഹുൽ ഗാന്ധിയോടും കോൺഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോൺഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തതെന്ന് കോടിയേരി ചോദിച്ചു. അതുപോലെ ഈ നിയമം ബിജെപി ഭരണമുള്ള ഇടങ്ങളിൽ നടപ്പിലാക്കാൻ നേതൃത്വത്തോട് ഇവിടത്തെ ബിജെപി നേതാക്കൾ ആവശ്യപ്പെടുന്നില്ല. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോൺഗ്രസ് ഭരണമുള്ള പഞ്ചാബിൽ നടത്തിയത് വി ഡി സതീശനും കൂട്ടരും മറക്കുകയാണോ എന്നും കോടിയേരി ചോദിച്ചു.
അഴിമതിക്കെതിരേ നടപടി സ്വീകരിക്കാൻ എൽ.ഡി.എഫ് സർക്കാരിന് അർധ ജുഡീഷ്യൽ സംവിധാനത്തിന്റെ ആവശ്യമില്ല. അതിനുള്ള ധീരത പിണറായി സർക്കാരിനുണ്ട്. എൽ.ഡി.എഫ് ജനപ്രതിനിധികൾക്കെതിരേ ഉയരുന്ന ആക്ഷേപങ്ങളിൽ പ്രത്യക്ഷത്തിൽ കഴമ്പുണ്ടെന്ന് തോന്നിയാൽ അതിൻമേൽ ഇടപെടാനുള്ള സംവിധാനം മുൻപേയുണ്ട്. നടപടിയെടുത്തിട്ടുമുണ്ട്. ഇതൊന്നും അർധ ജുഡീഷ്യൽ സംവിധാനത്തിന്റേയും കോടതിയുടേയോ നിർദേശത്തിന്റെ ഭാഗമായിട്ടല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ലോകായുക്തയുടെ പരിഗണനയ്ക്ക് വരുന്ന വിഷയങ്ങൾ വിപുലമാണ്. അതിന് കുറവ് വരുത്തുന്ന ഒന്നും ചെയ്യുന്നില്ല. നീതിന്യായ സംവിധാനത്തിന്റെ വിലയിടിക്കുന്ന നടപടികളാണ് ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും ഭരണങ്ങൾ സ്വീകരിക്കുന്നത്. അത്തരം നീതികേടൊന്നും എൽ.ഡി.എഫ് സർക്കാർ ചെയ്യില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

