ലോകായുക്ത: വിവാദ വ്യവസ്ഥകൾ ഇടതു സർക്കാരിന്റെ കാലത്ത് തന്നെ നിയമസഭ തള്ളിയത്

തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ ഓർഡിനൻസിലൂടെ വരുത്തുന്ന വിവാദ ഭേദഗതി മുമ്പ് നിയമനിർമാണ വേളയിൽ നിയമസഭ ചർച്ചചെയ്ത് തള്ളിയവയാണെന്ന് സഭാ രേഖകൾ വ്യക്തമാക്കുന്നു.
പൊതുപ്രവർത്തകർക്കെതിരായ അഴിമതി അന്വേഷിച്ച് തെളിഞ്ഞാൽ സ്ഥാനത്ത് തുടരാൻ അയോഗ്യനായി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്ന വ്യവസ്ഥ 1999 ഫെബ്രുവരിയിൽ നിയമസഭ ഏറെ ചർച്ചചെയ്തെടുത്ത തീരുമാനമായിരുന്നു.
ഇ.കെ. നായനാർ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായരാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. 98-ൽ ഈ ബിൽ ഓർഡിനൻസായി കൊണ്ടുവന്നപ്പോഴും പിറ്റേവർഷം സഭയിൽ അവതരിപ്പിച്ചപ്പോഴും ലോകായുക്തയുടെ കണ്ടെത്തൽ ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നീ അധികാര സ്ഥാനങ്ങൾക്ക് തള്ളാനും കൊള്ളാനുമുള്ള അധികാരം വ്യവസ്ഥചെയ്തിരുന്നു.
എന്നാൽ നിയമസഭയിൽ നടന്ന ചർച്ചയിൽ ഭരണ, പ്രതിപക്ഷ ഭേദമെന്യേ ഈ വ്യവസ്ഥയ്ക്കെതിരേ നിശിത വിമർശനമുയർന്നു. എല്ലാ അന്വേഷണവും നടത്തി അഴിമതി കണ്ടെത്തിയാൽ അയാൾ രാജിവെക്കണമെന്ന് ഒരു ജുഡീഷ്യൽ സംവിധാനമായ ലോകായുക്ത നിർദേശിക്കുന്ന പക്ഷം അതിന്മേൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നത് ഈ സംവിധാനത്തിന്റെ പല്ലും നഖവും എടുക്കുന്നതിനു തുല്യമാണെന്ന് അന്ന് കക്ഷിഭേദമില്ലാതെ അംഗങ്ങൾ കുറ്റപ്പെടുത്തി.
ജി. സുധാകരൻ, ആനത്തലവട്ടം ആനന്ദൻ, പി. രാഘവൻ തുടങ്ങി ഭരണപക്ഷ എം.എൽ.എമാർവരെ ലോകായുക്തയുടെ കണ്ടെത്തൽ പിന്നീട് എക്സിക്യുട്ടീവ് തലത്തിൽ പുനഃപരിശോധിക്കുന്നത് ശരിയല്ലെന്നു വാദിച്ചു. പ്രതിപക്ഷത്തുനിന്ന് ആര്യാടൻ മുഹമ്മദ്, ജി. കാർത്തികേയൻ, ടി.എം. ജേക്കബ്, കെ.എം. മാണി എന്നിവരാണ് പ്രധാനമായും ഭേദഗതികൾ അവതരിപ്പിച്ച് ഈ ആവശ്യം ഉന്നയിച്ചത്.
പൊതുപ്രവർത്തകന്റെ അഴിമതി തെളിഞ്ഞാൽ അദ്ദേഹം സ്ഥാനത്ത് തുടരരുത് എന്നും ഈ വിധിക്ക് ഭരണതലത്തിൽ പുനഃപരിശോധന ഉണ്ടായാൽ തീരുമാനത്തിൽ രാഷ്ട്രീയ പരിഗണന വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയതായി സഭാ രേഖകളിൽ കാണാം.
സഭയിലും സബ്ജക്ട് കമ്മിറ്റിയിലും ഉയർന്ന പൊതുവികാരത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് സർക്കാർതന്നെ ഈ വ്യവസ്ഥ പിൻവലിക്കാൻ ഔദ്യോഗിക ഭേദഗതി കൊണ്ടുവരികയും ലോകായുക്തയുടെ അധികാരം സംരക്ഷിക്കുന്ന രീതിയിൽ നിയമം പാസാക്കുകയും ചെയ്യുകയായിരുന്നു

