ഒപെക് കൂട്ടായ്മയിൽനിന്ന് പിന്മാറി യുഎഇ; ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ യുഎഇ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒപെക് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗരാജ്യം എന്ന നിലയിൽ യുഎഇയുടെ ഈ തീരുമാനം ആഗോള ഊർജ്ജ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
രാജ്യത്തിന്റെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യുഎഇ വ്യക്തമാക്കി. മേഖലയിലെ നയപരമായ വികാസങ്ങളും വിപണിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ് ഒപെക് വിടുന്നതെന്ന് യുഎഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്റൂയി എക്സിൽ കുറിച്ചു. പതിറ്റാണ്ടുകളായി സംഘടനയുമായി സഹകരിച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എണ്ണ ഉൽപാദനത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി തങ്ങൾ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ ഇറാന്റെ ഇടപെടലുകളെത്തുടർന്നുണ്ടായ സംഘർഷങ്ങളും ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകൾ എണ്ണവിപണിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയിൽ ഒപെക്കിന്റെ ഏകോപനം ദുർബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്.
ഒപെക്കിന്റെ യഥാർത്ഥ നേതാവായി കണക്കാക്കപ്പെടുന്ന സൗദി അറേബ്യയ്ക്ക് യുഎഇയുടെ പിന്മാറ്റം വലിയൊരു തിരിച്ചടിയാണ്. സഖ്യത്തിന്റെ കരുത്ത് കുറയ്ക്കാൻ ഇത് ഇടയാക്കും. നേരത്തെ 2019-ൽ ഖത്തറും ഒപെക്കിൽനിന്ന് പിന്മാറിയിരുന്നു. നിലവിൽ ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമല്ല.

