മഴക്കാലം പടിവാതിൽക്കൽ; ജില്ലയിൽ 40 ഡോക്ടർമാർ കുറവ്, നഴ്സുമാരുമില്ല

കാഞ്ഞങ്ങാട് ∙ ജില്ലയിൽ ഡോക്ടർമാരുടെയും ഫീൽഡ് വിഭാഗം ആരോഗ്യ പ്രവർത്തകരുടെയും കുറവ് പൊതുജനാരോഗ്യ, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ജില്ലയിൽ ഡോക്ടർമാരുടെ 40 ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ 87 ഒഴിവുകളും ഉണ്ട്. ഇതിൽ ചില സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചെങ്കിലും ഭൂരിഭാഗം ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാർ ഇല്ലാത്ത സ്ഥിതിയാണ്.
മഴക്കാലം പടിവാതിലില്‍ നിൽക്കെ ആരോഗ്യ പ്രവർത്തകരുടെ കുറവ് ആരോഗ്യമേഖലയെ ഗുരുതരമായി ബാധിക്കും. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ മഴക്കാലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യാറുണ്ട്. മലയോര മേഖലയിൽ ഇതിനകം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള ജീവനക്കാർ ഒന്നിലധികം കുടുംബക്ഷേമ കേന്ദ്രങ്ങളുടെ ചുമതല നോക്കേണ്ടി വരുന്ന സ്ഥിതിയുമുണ്ട്.
ഇത് ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നു. വാർഡ് ഹെൽത്ത് സാനിറ്റേഷൻ ഫണ്ട്, ശുചിത്വ മിഷൻ ഫണ്ട് എന്നിവയുടെ ഏകോപന ചുമതല വാർഡ് കൺവീനർമാരായ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർക്കാണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികയിലും ഒട്ടേറെ ഒഴിവുകളുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കാനായി നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പുനർനിയമനവും ഇതുവരെ നടന്നിട്ടില്ല.

