സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞ് പണം തട്ടിയ സംഭവം: കവർന്നത് ഒന്നര കോടി രൂപ; കണ്ടെടുത്തത് 18 ലക്ഷം

കാസർകോട് ∙ സ്വർണ വ്യാപാരിയുടെ കാർ തടഞ്ഞുനിർത്തിയ ശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കണ്ണൂരിലെ ക്വട്ടേഷൻ സംഘത്തിൽ നിന്നു പൊലീസിനു കണ്ടെടുക്കാനായത് 18 ലക്ഷം രൂപ മാത്രം. സംഭവത്തിലും ഗൂഡാലോചനയിലും നിലവിൽ ജയിലിലുള്ള ഒരു പ്രമുഖ ക്വട്ടേഷൻ നേതാവ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നുവെങ്കിലും കേസിൽ ഇതുവരെ അറസ്റ്റ് ചെയ്തത് 5 പേരെ മാത്രമാണ്. കേസിന്റെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. മറ്റു പ്രതികളെ പിടികൂടാനായില്ലെന്നും കുറ്റപത്രത്തിലുണ്ട്. കൊലക്കേസ് പ്രതിയായ ക്വട്ടേഷൻ നേതാവിനെ സംരക്ഷിച്ചത് കണ്ണൂരിലെ രാഷ്ട്രീയ നേതാക്കളാണെന്നും ആരോപണമുണ്ട്. രാമനാട്ടുകര സ്വർണക്കടത്തുമായും മറ്റു സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ട ക്വട്ടേഷൻ വിഷയത്തിലെ ചർച്ചകളിൽ ഇപ്പോൾ ഈ കേസും ഉയർന്നു വരുന്നുണ്ട്. ‘ഒത്തു തീർപ്പ് ചർച്ചകൾ’ സ്വർണ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസ് ഒതുക്കാൻ കണ്ണൂരിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇടപെട്ടിരുന്നായി പൊലീസിനു അന്നേ സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണം ആ വഴിയിലേക്കു നീങ്ങിയില്ല. സംഭവം നടന്നു 13 ദിവസത്തിനു ശേഷമാണു വിദ്യാനഗർ പൊലീസിൽ പോലും പരാതി നൽകാൻ വ്യാപാരി തയാറായത്. അത്രയും ദിവസം ഈ പ്രശ്നം തീർക്കാൻ ‘ഒത്തുതീർപ്പു ചർച്ചകൾ’ ഏറെ നടന്നിരുന്നുവെങ്കിലും എവിടെയും എത്താത്തതിനെ തുടർന്നാണു പരാതി നൽകിയത്. ഒന്നരക്കോടിയോളം രൂപ നഷ്ടമായതിൽ 18 ലക്ഷം മാത്രമാണ് പൊലീസിനു കണ്ടെടുക്കാനായത്. ബാക്കി തുക ക്വട്ടേഷൻ സംഘാംഗങ്ങൾ ഉൾപ്പെടെയുള്ളവർ വീതിച്ച് എടുത്തുവെന്നാണു സംശയിക്കുന്നത്. ഈ സംഭവം നടന്ന 2 മാസത്തിനു ശേഷം നോട്ട് നിരോധനം കൂടി വന്നതോടെയാണു പണം കണ്ടെത്താൻ പൊലീസിനു സാധിക്കാതെ വന്നത്. അറസ്റ്റിലായ പ്രതികൾക്കു പുറമേ അണിയറയിൽ നിന്നു കാര്യങ്ങൾ നിയന്ത്രിച്ച മറ്റ് അഞ്ചുപേരുടെ വിവരം കൂടി പ്രതികൾ പൊലീസിനു നൽകിയിരുന്നു. ഇവർ ഒരു പാർട്ടിയുടെ കണ്ണൂരിലെ പ്രാദേശിക നേതാക്കളുടെ മക്കളും ബന്ധുക്കളുമായിരുന്നു. അതിനാൽ അന്വേഷണം അവരിലേക്കു നീങ്ങിയില്ല. കവർന്നതിൽ 20 ലക്ഷം രൂപയാണ് തനിക്കു ലഭിച്ചതെന്നു പിടിയിലായ മൃദുൽ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കവർന്നത് തലശ്ശേരി സ്വദേശിയുടെ പണം 2016 ഓഗസ്റ്റ് 7നു രാത്രി ദേശീയപാത ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിലാണ് സംഭവം നടന്നത്. എന്നാൽ പരാതി നൽകിയത് 13 ദിവസത്തിനു ശേഷമാണ്. പ്രമുഖ ജ്വല്ലറികൾക്കു സ്വർണം വിൽപന നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ താമസക്കാരനുമായ ഗണേഷ് മോഹൻ സീതാറിന്റെ പണമാണ് കവർന്നത്. പുണെയിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗണേശൻ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിപ്പിച്ചു നിർത്തുകയും പിന്നീട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നുവെന്നാണു പരാതി. ആദ്യം പണം കിട്ടാതിരുന്നപ്പോൾ അക്രമി സംഘം ഗണേശന്റെ കാറിൽ ഒന്നരമണിക്കൂറോളം യാത്ര ചെയ്യുകയും തുടർന്ന് കാർ പരിശോധിച്ച് രഹസ്യമായി സൂക്ഷിച്ചിരുന്ന പണമടങ്ങിയ പെട്ടി കൈവശപ്പെടുത്തുകയായിരുന്നു. കൂത്തുപറമ്പ് പാലത്തിൻകര മൃദുൽ നിവാസിൽ എൻ.കെ.മൃദുൽ (23), പി.സായുജ് (32), നൗഷാദ് (45) റിൻഷാദ് (24) മട്ടന്നൂർ ഇരിങ്ങൽമൂലയിലെ ഖദീജ മൻസിലിൽ മുഹമ്മദ് റാഫേൽ 23) എന്നിവരാണു കേസിൽ അറസ്റ്റിലായത്. ഗണേഷ് യാത്ര ചെയ്ത കാറിലെ ഡ്രൈവർ പ്രജീഷിന്റെ ഒത്താശയോടെ സംഘം പണം തട്ടിയെടുത്തതായാണു പൊലീസ് കണ്ടെത്തിയത്

