KSDLIVENEWS

Real news for everyone

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി, ജോസഫൈന്‍ പ്രതിക്കായി ഇടപെട്ടു- മയൂഖ ജോണി

SHARE THIS ON

തൃശ്ശൂർ: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. 2016-ലാണ് സംഭവം. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തെന്നും മയൂഖ ജോണി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് എസ്.പി. പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മോശം സമീപനമാണ് പോലീസിൽ നിന്ന് ഉണ്ടായത്. വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന എം.സി.ജോസഫൈൻ പ്രതികൾക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചു ഇപ്പോഴും പ്രതി പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ മയൂഖ സാമ്പത്തിക-രാഷ്ട്രീയ പിൻബലവുമുളള പ്രതി സ്വാധീനം ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. 2016 ജൂലായ് മാസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തി. അവിവാഹിതയും ഭാവിയെ കുറിച്ചുളള ആശങ്കയിലും അന്ന് ഇതേക്കുറിച്ച് പെൺകുട്ടി പരാതിപ്പെട്ടില്ല. എന്നാൽ സംഭവത്തെ തുടർന്ന് പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. പിന്നീട് 2020 ലാണ് വീണ്ടും പ്രതി ഭീഷണി ഉയർത്തിയത്. തുടർന്ന് പെൺകുട്ടിയുടെ ഭർതൃവീട്ടുകാർ സംഭവം അറിയുകയും തുടർന്ന് എസ്.പി. പൂങ്കുഴലിക്ക് പരാതി നൽകുകയുമാണ് ചെയ്തത്. പരാതി നൽകാനായി ചെന്ന ആദ്യ തവണ വളരെ പോസിറ്റീവായ പ്രതികരണമാണ് എസ്പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ പ്രതിയുടെ സ്വാധീനത്തെ തുടർന്ന് പിന്നീട് ചെന്നപ്പോൾ തങ്ങളെ അവഗണിക്കുന്ന സമീപനമാണ് പോലീസ് കൈക്കൊണ്ടതെന്നും മയൂഖ പറഞ്ഞു. വനിതാകമ്മീഷൻ അധ്യക്ഷയായിരുന്ന ജോസഫൈൻ പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ച് വിഷയത്തിൽ ഇടപെട്ടുവെന്നു മയൂഖ ആരോപിച്ചു. കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രി ഇടപെട്ടതായും ഇവർ ആരോപണമുന്നയിക്കുന്നുണ്ട്. ‘ഒരു മന്ത്രിയെയോ ഒരു ബിഷപ്പിനെയോ ഇതിലേക്ക് വലിച്ചിട്ട് ഒരു വിവാദത്തിലേക്ക് പോകാൻ താല്പര്യമില്ല. അങ്ങനെ ഈ കേസിൽ ഇടപെടുന്നവർക്ക് പിന്മാറാൻ ഒരു അവസരം കൂടി നൽകുകയാണ്.’ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും മയൂഖ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതിന് പിറകേ സി.ഐ. തന്റെ മൊഴിയെടുത്തുവെന്നും തെളിവില്ലാത്തതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതായും മയൂഖ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!