ആരോഗ്യപ്രവർത്തകയെ സ്കൂട്ടറിടിച്ചു വീഴ്ത്തി; പോലീസ് അന്വേഷണം തുടങ്ങി

ചേർത്തല: ജോലികഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്കുമടങ്ങിയ ആരോഗ്യപ്രവർത്തകയെ പിന്നാലെയെത്തിയ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി. വണ്ടാനം മെഡിക്കൽകോളേജിലെ സ്റ്റാഫ് നഴ്സ് പള്ളിപ്പുറം കേളമംഗലം വിനയ് ഭവനിൽ എസ്. ശാന്തിയാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചവാഹനം നിർത്താതെപോയി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
അപകടത്തിൽ പരിക്കേറ്റ ശാന്തി, സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. മുഖത്തിന്റെ വലതുവശത്തെ എല്ലിനു പൊട്ടലുണ്ട്.
ഞായറാഴ്ചരാത്രി എട്ടരയോടെ ചേർത്തല-അരൂക്കുറ്റി റോഡിൽ നെടുമ്പ്രക്കാട് ഗവ.യു.പി.സ്കൂളിനു സമീപമായിരുന്നു സംഭവം. പിന്നാലെവന്ന സ്കൂട്ടർ തന്റെ സ്കൂട്ടറിൽ ഇടിക്കുമെന്നു കണ്ണാടിയിലൂടെ മനസ്സിലാക്കിയപ്പോൾ റോഡിന്റെവശത്തു സ്കൂട്ടർ നിർത്തിയെങ്കിലും പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ വണ്ടിയുൾപ്പെടെ റോഡിന്റെ വലതുവശത്തേക്കു തെറിച്ചുവീണു. തുടർന്ന് സ്കൂട്ടറിന്റെ മുൻവശം തന്റെ സ്കൂട്ടറിന്റെ മുന്നിൽ ഇടിപ്പിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് ശാന്തിനൽകിയ മൊഴി.
കാർയാത്രക്കാരനും പരിസരവാസികളും ചേർന്നാണു ശാന്തിയെ എടുത്തുമാറ്റിയത്. സ്കൂട്ടർപിന്തുടർന്ന് യാത്രക്കാരിൽ ചിലർ പിന്നാലെപോയെങ്കിലും കണ്ടെത്താനായില്ല. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമികചികിത്സതേടി മടങ്ങി. ചൊവ്വാഴ്ച വേദന കൂടിയതിനെത്തുടർന്നു വീണ്ടും ആശുപത്രിയിലെത്തി എക്സ്-റേ എടുത്തപ്പോഴാണു മുഖത്തിന്റെ വലത് എല്ലിലെ പൊട്ടലറിഞ്ഞത്.
മധ്യവയസ്കനെന്നുസൂചന
:സ്കൂട്ടർയാത്രക്കാരൻ മധ്യവയസ്കനാണെന്നു മാത്രമാണു തിരിച്ചറിയാനായതെന്നും വണ്ടിയുടെ നമ്പർ ശ്രദ്ധിക്കാനായില്ലെന്നും ശാന്തിപറഞ്ഞു. തനിക്കോ കുടുംബത്തിനോ ആരുമായും പ്രശ്നങ്ങളൊന്നുമില്ല. ചൊവ്വാഴ്ചയാണു വിവരം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ശാരീരികമായി ആക്രമിച്ചിട്ടില്ലാത്തതിനാൽ വാഹനാപകടത്തിനാണു കേസ്. സി.സി.ടി.വി.കൾ പരിശോധിച്ച്, ഇടിച്ചവാഹനം കണ്ടെത്താനുള്ള ശ്രമംതുടങ്ങിയതായി ചേർത്തല സ്റ്റേഷൻ ഓഫീസർ ബി. വിനോദ്കുമാർ പറഞ്ഞു

