നിസാമുദ്ദീന്‍ മര്‍കസിന്‍റെ താക്കോല്‍ മൗലാന സഅദിന് കൈമാറാന്‍ ഡല്‍ഹി പൊലീസിനോട് ഹൈകോടതി

നിസാമുദ്ദീന്‍ മര്‍കസിന്‍റെ താക്കോല്‍ തബ്ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദിന് കൈമാറണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു.
പൊലീസ് ആരോടാണോ താക്കോല്‍ വാങ്ങിച്ചത്, അയാള്‍ക്ക് തന്നെ തിരിച്ച് നല്‍കണമെന്ന് ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു. എന്നാല്‍, യഥാര്‍ഥ ഉടമ മസ്ജിദിന്‍റെ അവകാശം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടില്ലെന്ന് പൊലീസ് വാദിച്ചു. ഡല്‍ഹി വഖഫ് നിയമപ്രകാരം മുതവലിയാണ് മുന്നോട്ടുവരേണ്ടതെന്നും ഹരജിക്കാരനായ ഡല്‍ഹി വഖഫ് ബോര്‍ഡല്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, വസ്തു ആരുടെ പേരിലാണ് എന്ന കേസല്ല താന്‍ പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു. നിങ്ങള്‍ ഒരു വ്യക്തിയില്‍ നിന്നാണ് താക്കോല്‍ ഏറ്റെടുത്തത്. അത് ആ വ്യക്തിക്ക് തന്നെ തിരിച്ച് നല്‍കണം -കോടതി വ്യക്തമാക്കി.
പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, മര്‍കസിന്‍റെ കൈവശാവകാശം പൊലീസ് ഏറ്റെടുത്തത് പകര്‍ച്ചവ്യാധി നിയമപ്രകാരമാണെന്ന് ചൂണ്ടിക്കാട്ടി. മഹാമാരി കഴിഞ്ഞിരിക്കുന്നു. ഇനിയും കൈവശം വെക്കാനുള്ള എന്ത് അവകാശമാണുള്ളതെന്നും കോടതി ചോദിച്ചു.
മസ്ജിദിന്‍റെ ഉടമ മുന്നോട്ട് വരണമെന്ന് പൊലീസ് വാദിച്ചു. തുടര്‍ന്ന് മസ്ജിദ് മാനേജ്മെന്‍റിനോട് പൊലീസിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. താക്കോല്‍ കൈമാറണമെന്നും ആവശ്യമായ വ്യവസ്ഥകള്‍ മുന്നോട്ടുവെക്കാമെന്നും കോടതി പറഞ്ഞു.
മൗലാന സഅദില്‍ നിന്നാണ് മസ്ജിദിന്‍റെ കൈവശാവകാശം ഏറ്റെടുത്തതെന്നും അദ്ദേഹം ഒളിവിലാണെന്നും പൊലീസ് വാദിച്ചു. എന്നാല്‍, മൗലാന സഅദ് ഒളിവിലല്ലെന്നും നിസാമുദ്ദീനില്‍ തന്നെയുണ്ടെന്നും പൊലീസിന് മുന്നില്‍ ഹാജരാകുമെന്നും മര്‍കസ് മാനേജ്മെന്‍റ് അറിയിച്ചു.
കഴിഞ്ഞ റമദാന്‍ കാലത്ത് നിസാമുദ്ദീന്‍ മര്‍കസ് പള്ളിയില്‍ ദിവസവും അഞ്ചു നേരം നമസ്കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു. അഞ്ചില്‍ കൂടുതല്‍ പേരെ കടത്തിവിടാന്‍ പറ്റില്ലെന്ന കേന്ദ്രസര്‍ക്കാറിെന്‍റയും ഡല്‍ഹി പൊലീസിെന്‍റയും വാദം തള്ളിയായിരുന്നു ഉത്തരവ്.
2020ല്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപിക്കാന്‍ ഇടയാക്കിയെന്ന ആരോപണങ്ങള്‍ക്കൊടുവിലാണ് നിസാമുദ്ദീന്‍ മര്‍കസ് ഒന്നാകെ പൊലീസ് അടച്ചത്. മര്‍കസുമായി ബന്ധപ്പെട്ട മസ്ജിദ്, മദ്റസ, ഹോസ്റ്റല്‍ എന്നിവയെല്ലാം അടച്ചിരുന്നു. ഇവയുള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വഖഫ് ബോര്‍ഡാണ് ഹരജി നല്‍കിയത്.

