KSDLIVENEWS

Real news for everyone

കമ്പ് കൊണ്ടടിച്ചിട്ടും അവര്‍ വിട്ടില്ല’, അബിഗേല്‍ സാറാ റെജിക്കായി നാടാകെ തിരച്ചില്‍; അടിമുടി ദുരൂഹത

SHARE THIS ON

കൊല്ലം: അടിമുടി ദുരൂഹതകള്‍ നിറഞ്ഞ കൊല്ലത്തെ തട്ടിക്കൊണ്ടുപോകലില്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വ്യക്തതയില്ല. സംഭവംനടന്ന് 19 മണിക്കൂര്‍ കഴിഞ്ഞിട്ടും കൊല്ലം ഓയൂരിലെ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്താനായി കേരളം ഒന്നടങ്കം തിരച്ചില്‍ നടത്തുകയാണ്. തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെ ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറാ റെജി എവിടെയാണെന്ന ചോദ്യത്തിന് ഏറെവൈകാതെ ശുഭകരമായ മറുപടി ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. അതിനായി നാടുമുഴുവന്‍ പോലീസ് അന്വേഷണവും തുടരുകയാണ്. എല്ലാം ആസൂത്രിതം? സംഭവം ഇങ്ങനെ… കൊല്ലം ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ആസൂത്രിതമാണെന്നാണ് പോലീസിന്റെ നിഗമനം. കുട്ടിയുടെ സഹോദരന്റെമൊഴിയും ഇതിന് മുന്‍പുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളുമാണ് കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിന് കാരണമാകുന്നത്. തിങ്കളാഴ്ച വൈകിട്ട് 4.20 നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്. O വീടിന് നൂറുമീറ്റര്‍ അകലെ, പിന്നാലെ പോയിട്ടും കിട്ടിയില്ല… ജോനാഥനെ കാറില്‍നിന്ന് തള്ളിയിടുന്നതിന് ആ വഴിയെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരി സാക്ഷിയായിരുന്നു. കുട്ടി കാറില്‍നിന്ന് വീണതാകുമെന്നാണ് ഇവര്‍ ആദ്യം കരുതിയത്. വാഹനം നിര്‍ത്തി കാര്യം തിരക്കിയപ്പോളാണ് തന്റെ അനുജത്തി ആ കാറിലുണ്ടെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ജോനാഥന്‍ പറഞ്ഞത്. കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരന്‍ ഉടന്‍തന്നെ ബൈക്കില്‍ ഈ കാറിനെ തിരഞ്ഞ് പോയെങ്കിലും കണ്ടെത്താനായില്ല. ഒരുസ്ത്രീയടക്കം നാലുപേര്‍, വെള്ളനിറത്തിലുള്ള കാര്‍… ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കാറില്‍ ഒരുസ്ത്രീയടക്കം നാലുപേരുണ്ടെന്നായിരുന്നു സഹോദരന്റെ വെളിപ്പെടുത്തല്‍. ”കാറിലെത്തിയവര്‍ ഒരുപേപ്പര്‍ തന്ന് ഇത് അമ്മച്ചിക്ക് കൊടുക്കണമെന്ന് പറഞ്ഞു. അത് ഞാന്‍ വാങ്ങിച്ചില്ല. അപ്പോഴേക്കും അവളെ പിടിച്ചുവലിച്ചു. എന്റെ കൈയും പിടിച്ചു. എന്റെ കൈയില്‍ കമ്പുണ്ടായിരുന്നു. അതുകൊണ്ട് അടിച്ചിട്ടും വിട്ടില്ല”-ജോനാഥന്‍ പറഞ്ഞു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും അവരെല്ലാം മാസ്‌ക് ധരിച്ചിരുന്നതായും അറിയുന്നവര്‍ ആരുമില്ലെന്നും ഒന്‍പതുവയസ്സുകാരനായ സഹോദരന്‍ പറഞ്ഞിരുന്നു. ഫോണ്‍കോള്‍, അന്വേഷണം… സംഭവം നടന്നതിന് പിന്നാലെതന്നെ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ തിരച്ചില്‍. വെള്ളനിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അത് സ്വിഫ്റ്റ് ഡിസയര്‍ കാറാണെന്ന് തിരിച്ചറിഞ്ഞു. കാറിന്റെ നമ്പര്‍ വ്യാജമാണെന്നും വ്യക്തമായി. പ്രതിയുടെ രേഖാചിത്രം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വിവരമറിഞ്ഞതിന് പിന്നാലെ കൊല്ലം ജില്ലയിലെ മുഴുവന്‍ പോലീസ് സംവിധാനങ്ങളും ഉണര്‍ന്നു. ജില്ലാ അതിര്‍ത്തികളും തമിഴ്‌നാട് അതിര്‍ത്തിയും കേന്ദ്രീകരിച്ച് വ്യാപക പരിശോധന ആരംഭിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും പോലീസ് പരിശോധന ഊര്‍ജിതമാക്കി. പാറശ്ശാലയില്‍ അതിര്‍ത്തി അടച്ചാണ് പരിശോധന നടന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഊടുവഴികളില്‍പോലും തിരച്ചില്‍ നടന്നു. ഓരോ വാഹനങ്ങളും നിര്‍ത്തി അരിച്ചുപെറുക്കി. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തി. ഇതിനിടെ കുട്ടിയുടെ ഫോട്ടോ സഹിതം മാധ്യമങ്ങളിലൂടെയും വിവരമറിയിച്ചു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നായിരുന്നു പോലീസിന്റെ അഭ്യര്‍ഥന. വൈകിട്ട് ആറരയോടെ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും സംഭവം ചര്‍ച്ചയായി. കുട്ടിയുടെ ചിത്രം സഹിതമുള്ള അറിയിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തിങ്കളാഴ്ച രാത്രി 7.50, ആദ്യഫോണ്‍കോള്‍… തിങ്കളാഴ്ച രാത്രി 7.50-നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയവരെന്ന് കരുതുന്നവരുടെ ആദ്യവിളിയെത്തിയത്. കുട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്നും സുരക്ഷിതയാണെന്നുമാണ് ഫോണില്‍വിളിച്ച സ്ത്രീ പറഞ്ഞത്. അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ വിട്ടുനല്‍കാമെന്നും ഇവര്‍ പറഞ്ഞിരുന്നു. വീണ്ടും വിളി, ചോദിച്ചത് പത്തുലക്ഷം… ആദ്യഫോണ്‍വിളിക്ക് പിന്നാലെ പത്തുലക്ഷം രൂപ ചോദിച്ച് ഇതേ സ്ത്രീ വീണ്ടും ബന്ധുക്കളുടെ ഫോണിലേക്ക് വിളിച്ചിരുന്നു. കുട്ടി സുരക്ഷിതയാണെന്ന് ആവര്‍ത്തിച്ച ഇവര്‍ പത്തുലക്ഷം രൂപ നല്‍കണമെന്നാണ് ഇത്തവണ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കുട്ടിയെ കൈമാറാനാണ് തങ്ങളുടെ ബോസ് പറഞ്ഞതെന്നും വിവരം പോലീസില്‍ അറിയിക്കരുതെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ പണം നല്‍കിയാല്‍ ഇപ്പോള്‍തന്നെ വിട്ടയക്കാമോ എന്ന് ചോദിച്ചപ്പോള്‍ ഇവര്‍ മറുപടി നല്‍കിയില്ല. ഫോണ്‍കോളിന് പിന്നാലെ… ആറുവയസ്സുകാരിക്കായി നാടിളക്കി തിരച്ചില്‍ നടത്തുന്നതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയെത്തിയത് നിര്‍ണായക വഴിത്തിരിവായി. ഇതോടെ അന്വേഷണത്തില്‍ സൈബര്‍പോലീസിന്റെ ഊഴമായി. ഫോണ്‍വിളിച്ചത് പാരിപ്പള്ളി കുളമടയില്‍ കട നടത്തുന്ന ഗിരിജയുടെ നമ്പറില്‍നിന്നാണെന്ന് നിമിഷങ്ങള്‍ക്കം പോലീസ് തിരിച്ചറിഞ്ഞു. ഉടന്‍തന്നെ പോലീസ് കടയിലെത്തി. കടയില്‍വന്ന ഒരുസ്ത്രീയും പുരുഷനുമാണ് ഫോണ്‍ വാങ്ങി വിളിച്ചതെന്ന് ഇവര്‍ മൊഴിനല്‍കി. തൊട്ടുപിന്നാലെ ഇവര്‍ നല്‍കിയ വിവരങ്ങളനുസരിച്ച് പ്രതിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. നേരംപുലര്‍ന്നിട്ടും അന്വേഷണം ഊര്‍ജിതം… തിങ്കളാഴ്ച രാത്രി മുഴുവന്‍ നാട് മുഴുവന്‍ അരിച്ചുപെറുക്കുകയായിരുന്നു പോലീസ്. ഉറക്കം ഉപേക്ഷിച്ച് നാട്ടുകാരും പോലീസിനൊപ്പം കൂടി. ഓയൂരിലും സമീപപ്രദേശങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും പറമ്പുകളിലും ഊടുവഴികളിലും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി. ചൊവ്വാഴ്ച രാവിലെ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായുള്ള വിവരം പുറത്തുവന്നു. തിരുവനന്തപുരത്തെ ഒരു കാര്‍ വാഷിങ് സെന്റര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. ഇവിടെനിന്ന് പണവും കണ്ടെടുത്തായി വിവരങ്ങള്‍ പുറത്തുവന്നു. എന്നാല്‍, കസ്റ്റഡിയിലെടുത്തവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നായിരുന്നു പ്രാഥമികചോദ്യംചെയ്യലിന് ശേഷം പുറത്തുവന്ന വിവരം. ഇതോടെ മൂവരെയും വിട്ടയക്കുമെന്ന വിവരങ്ങളും പോലീസ് കേന്ദ്രങ്ങളില്‍നിന്ന് പുറത്തുവന്നു. ചൊവ്വാഴ്ച രാവിലെ 11 മണി…. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ കല്ലുവാതുക്കല്‍ ഭാഗത്തേക്ക് പോയതായി വിവരം. കല്ലുവാതുക്കലും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ വ്യാപക പരിശോധന. ഈ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. അതിനിടെ, വര്‍ക്കല മേഖല കേന്ദ്രീകരിച്ചും ചൊവ്വാഴ്ച രാവിലെ മുതല്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മറ്റുഭാഗങ്ങളിലും സമീപജില്ലകളിലും തിരച്ചില്‍ നടക്കുന്നുണ്ട്. പ്രതികള്‍ ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖലകളില്‍ ഒളിവിലുള്ളതായാണ് പോലീസ് സംശയിക്കുന്നത്. തിരുവനന്തപുരത്തെ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും വ്യാപക അന്വേഷണം. മുന്‍പും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം… അബിഗേല്‍ സാറാ റെജിയെ മുന്‍പും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നതായാണ് പോലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഒരുകാറിലാണ് സംഘം ഇതിന് മുന്‍പ് സ്ഥലത്തെത്തിയതെന്നാണ് സൂചന. അന്ന് കുട്ടികള്‍ക്കൊപ്പം മുത്തശ്ശിയുണ്ടായിരുന്നതിനാല്‍ സംഘം പദ്ധതി ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. മാത്രമല്ല, കുറച്ചുദിവസങ്ങളായി ഒരുകാര്‍ പതിവായി കാണുന്നതായി കുട്ടിയുടെ സഹോദരനും പറഞ്ഞിരുന്നു. വിവരം ലഭിക്കുന്നവര്‍ അറിയിക്കണം… കൊല്ലം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയസംഭവത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് കണ്‍ട്രോള്‍റൂം നമ്പറായ 112-ല്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. 99469 23282, 94955 78999 എന്നീ നമ്പറുകളിലും പോലീസിനെ വിവരം അറിയിക്കാം. സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!