KSDLIVENEWS

Real news for everyone

ഓളപ്പരപ്പിൽ ഒഴുകി ആഘോഷിക്കാം; രാജ്യാന്തര നിലവാരത്തിൽ ഒഴുകുന്ന വേദിയൊരുക്കി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ

SHARE THIS ON

നീലേശ്വരം ∙ ഓളപ്പരപ്പിലെ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ രാജ്യാന്തര നിലവാരത്തിൽ ഒഴുകുന്ന വേദിയൊരുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ കോട്ടപ്പുറത്തുള്ള ഫ്ലോട്ടിങ് ബോട്ട് ജെട്ടി മോടി കൂട്ടി രൂപാന്തരം വരുത്തിയാണ് ഇതു സാധ്യമാക്കിയത്. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഇത് ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ തുറസ്സായ വിവിധോദ്ദേശ ആഘോഷ വേദി കൂടിയാണ്.

കോട്ടപ്പുറത്തു നിലവിൽ മുപ്പതോളം ഹൗസ് ബോട്ടുകൾ ഉണ്ട്. ഇതിന് അനുബന്ധമായാണ് ഓപ്പൺ യൂട്ടിലിറ്റി സെലിബ്രേഷൻ പ്ലാറ്റ്ഫോമും വരുന്നത്. വിവാഹ ചടങ്ങുകളുടെ ഔട്ട്ഡോർ ഷൂട്ടിങ്, പിറന്നാൾ ആഘോഷം, അത്താഴ സൽക്കാരം, കുടുംബ സംഗമം, വാലന്റൈൻസ് ഡേ ആഘോഷം, കാൻഡിൽ ലൈറ്റ് ഡിന്നർ തുടങ്ങിയവയ്ക്ക് ഇതിൽ വേദിയൊരുക്കാം.സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നടത്തിപ്പ് നൽകാനാണുദ്ദേശമെന്നു ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു.

ഏറ്റവും ഉയർന്ന പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്നവർക്കു കരാർ അടിസ്ഥാനത്തിൽ 3 വർഷത്തേക്കാണു വേദി വിട്ടു നൽകുക. ആദ്യഘട്ടത്തിൽ വിജയകരമായി നടത്തിപ്പ് പൂർത്തിയാക്കിയാൽ തുടർ നടത്തിപ്പിനുള്ള സാധ്യത കൂടി ഉൾപ്പെടുത്തി ലീസ് അനുവദിക്കും. കരാർ അടിസ്ഥാനത്തിൽ വേദി നടത്തിപ്പിന് ആവശ്യപ്പെടുന്നവർക്കുള്ള അപേക്ഷാ ഫോറം കാസർകോട് വിദ്യാനഗറിലെ ഡിടിപിസി ഓഫിസിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തീയതി: ഫെബ്രുവരി 5. 04994- 256450, 9746462679.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!