KSDLIVENEWS

Real news for everyone

പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ: കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍; മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി

SHARE THIS ON

കാസർകോട്: ബെള്ളൂർ പഞ്ചായത്തിലെ പള്ളപ്പാടിയിൽ യുവ ഭർതൃമതി ജീവനൊടുക്കിയത് നാലാം വിവാഹ വാർഷികത്തിനു രണ്ടു ദിവസം മുമ്പ്. സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും മരണത്തിൽ സംശയമുണ്ടെന്നും സഹോദരൻ അബ്ദുൽ റഹ്‌മാൻ പറഞ്ഞു. ബുധനാഴ് വൈകുന്നേരമാണ് പള്ളപ്പാടിയിലെ സൈനുദ്ദീന്റെ ഭാര്യ സെറീന (27)യെ വീട്ടിനു സമീപത്തെ ഷെഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഭർതൃവീട്ടുകാർ ഫോൺ ചെയ്താണ് സെറീന മരിച്ചുവെന്ന വിവരം അറിയിച്ചതെന്നു അബ്ദുൽ റഹ്‌മാൻ പറഞ്ഞു. 2022 മെയ് 29ന് ആണ് സെറീനയും സൈനുദ്ദീനും തമ്മിൽ മതാചാര പ്രകാരം വിവാഹിതരായത്. എന്നാൽ ഇതുവരെ കുട്ടികളുണ്ടായില്ല. ഇതിൻ്റെ പേരിൽ കടുത്ത മാനസിക പീഡനമാണ് സഹോദരിക്ക് നേരിടേണ്ടി വന്നതെന്നു സഹോദരൻ പറഞ്ഞു. മാനസിക പീഡനം സഹിക്കാൻ കഴിയാതെ സഹോദരി പലപ്പോഴും പുത്തൂർ സനങ്കളയിലെ വീട്ടിലെത്തി താമസിച്ചിരുന്നു.

ഭർത്താവിന്റെ ബന്ധുക്കൾ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് സഹോദരി വീണ്ടും ഭർതൃവീട്ടിലേക്ക് പോയത്. അതിനു ശേഷവും പല തവണ പീഡനം നേരിടേണ്ടി വന്നു.

അന്നൊക്കെ താൻ പള്ളപ്പാടിയിലെ വീട്ടിലെത്തി സഹോദരിയെ ആശ്വസിപ്പിച്ചിരുന്നു. അവൾ ഈ കടുംകൈ ചെയ്യുമെന്നു കരുതാനാകില്ല. മരണത്തിൽ സംശയമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം വേണം-അബ്ദുൽ റഹ്‌മാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

പരേതനായ ബഡുവൻ കുഞ്ഞി-നഫീസ ദമ്പതികളുടെ മകളാണ് സെറീന. മറ്റു സഹോദരങ്ങൾ: ഷരീഫ്, ഫാത്തിമ, മൈമൂന, ദാവൂദ്, സുബൈദ, സുമയ്യ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!