KSDLIVENEWS

Real news for everyone

എപ്പോൾ മറുപടിപറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം തരണം, ഇഡി റെയ്ഡിൽ സർക്കാരിന് പങ്കില്ല- വി.ഡി. സതീശൻ

SHARE THIS ON

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിണറായിയുടെ വീട്ടിൽ നടന്ന ഇ.ഡി. റെയ്ഡ് കേന്ദ്ര ഏജൻസിയുടെ നടപടിയാണെന്നും അതിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങൾ ആവശ്യപ്പെടുമ്പോഴല്ല, മറിച്ച് താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണമെന്ന് വി.ഡി.സതീശൻ വ്യക്തമാക്കി. ഒരു വിഷയത്തിൽ മറുപടി പറയുന്നതിന് മുൻപ് അത് കൃത്യമായി പഠിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്നും സതീശൻ പറഞ്ഞു. 

കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസാണ്. സംസ്ഥാന സർക്കാരിന് ഇതിൽ ഒരു റോളും ഇല്ല. ഞങ്ങൾക്കൂടി ഉന്നയിച്ച ആരോപണമാണിത്. അന്വേഷണത്തിൽ കേന്ദ്ര ഏജൻസിയേക്കുറിച്ച് ഞങ്ങൾക്ക് പരാതിയുണ്ടായിരുന്നു. നാല് വർഷം മുൻപ് ഉണ്ടായ കേസാണ്. അധികാരത്തിൽനിന്ന് എൽഡിഎഫ് സർക്കാർ താഴെയിറങ്ങുന്നതുവരെ അവർ ഒന്നും അവർ ചെയ്തിട്ടില്ല.

റെയ്ഡിനെക്കുറിച്ച് സംസ്ഥാന സർക്കാരിനെയോ പോലീസിനെയോ മുൻകൂട്ടി അറിയിച്ചിരുന്നില്ല. സ്ഥലത്ത് ആളുകൾ കൂടുന്നത് കണ്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലീസ് സംഘത്തെ അയക്കുകയായിരുന്നു. അത് അനുയോജ്യമായ നടപടിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. 

താൻ മൗനിബാബയാണോ എന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയത്. നടക്കാൻ ഇറങ്ങിയപ്പോഴും വണ്ടിയിൽ കയറുമ്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നതായും ഒരു ഘട്ടത്തിൽ മാധ്യമങ്ങളുടെ മൈക്ക് തന്റെ മുഖത്ത് വന്ന് ഇടിക്കുകപോലും ചെയ്തതായും അദ്ദേഹം പറഞ്ഞു.

താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കുകയെന്നും ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് അടുക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രിയെപ്പോലെയല്ല താനെന്നും താൻ എപ്പോഴും മാധ്യമങ്ങൾക്ക് അവസരം നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ എങ്ങനെ അന്വേഷിക്കണമെന്ന് നിർദേശിക്കാൻ തങ്ങൾക്ക് അധികാരമില്ല. കോടതി അനുവദിച്ച അന്വേഷണമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തിയതിനെ സതീശൻ ചോദ്യംചെയ്തു. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ രാഹുൽ ഗാന്ധിക്ക് എന്ത് പങ്കാണുള്ളത്. രാഹുൽ ഗാന്ധിക്ക് എതിരെ കേസ് വന്നപ്പോൾ 55 മണിക്കൂർ അന്വേഷണ ഏജൻസിയോട് സഹകരിച്ച ആളാണ് അദ്ദേഹമെന്നും സതീശൻ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ താൻ ആദ്യമായാണ് കാണുന്നത്. താൻ ആവശ്യപ്പെട്ടാൽ ഉടൻ പ്രധാനമന്ത്രി ഇ.ഡിക്ക് നിർദേശം നൽകുമെന്ന് പറയുന്നത് അസംബന്ധമാണ്. സി.പി.എം നേതാക്കൾ ഗൗരവം വിട്ട് ഇപ്പോൾ തമാശകൾ പറഞ്ഞു തുടങ്ങിയിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!