KSDLIVENEWS

Real news for everyone

ഓപറേഷന്‍ തൂഫാന്‍: ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

SHARE THIS ON

പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടയില്‍ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി പോലീസിന്റെ പിടിയില്‍. പെരുമ്പെട്ടി എഴുമറ്റൂര്‍ കൈമല പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ (25) നെയാണ് 1.590 ഗ്രാം എം ഡി എം എയുമായി ഡാന്‍സാഫ് ടീം അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇന്‍ നേഷ്യന്‍(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയ പോലീസ് ഒരു രഹസ്യ അറയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളുടെ മുറിയില്‍ നിന്നും എം ഡി എം എ വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലര്‍, ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന ഫ്യുവിങ് പൈപ്പുകള്‍, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍ കണ്ടെടുത്തു.

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന യുവാവാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും എറണാകുളം ടൗണ്‍ സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളിലും, കോയിപ്പുറം സ്റ്റേഷനില്‍ സ്ത്രീകളെ ആക്രമിച്ചത് ഉള്‍പ്പെടെ രണ്ട് ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!