കാറിൽ വലിച്ചു കയറ്റി, മുഖവും വായയും പൊത്തി; രാത്രി മുഴുവൻ കരഞ്ഞു: പേടി മാറാതെ അബിഗേൽ

കൊല്ലം ∙ ‘കാറിൽ വലിച്ചു കയറ്റിയ ഉടൻ അവർ എന്റെ മുഖവും വായയും പൊത്തിപ്പിടിച്ചു. കരഞ്ഞപ്പോൾ വീണ്ടും വായ പൊത്തിപ്പിടിച്ചു. പിറകിലെ സീറ്റിൽ കിടത്തിയാണു കൊണ്ടുപോയത്’– അബിഗേൽ പൊലീസിനോടു പറഞ്ഞു. യാത്രയിലുടനീളം കരഞ്ഞെങ്കിലും അവർ ഉപദ്രവിച്ചില്ലെന്ന് അബിഗേൽ പറഞ്ഞു. അവിടെ നിന്ന് വലിയ ഒരു വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് ആഹാരം കൊടുത്തെങ്കിലും കഴിച്ചില്ല. രാത്രി മുഴുവൻ കരഞ്ഞു. പിന്നീടു ലാപ്ടോപ്പിൽ കാർട്ടൂൺ കഥകൾ കാണിച്ചു കൊടുത്തു. ആഹാരം കഴിച്ചു. വൈകാതെ ഉറങ്ങി. ഇന്നലെ രാവിലെ നീല കാറിൽ കയറ്റിക്കൊണ്ടുപോയെന്നും അബിഗേൽ മൊഴി നൽകി. പിന്നീടു കൊല്ലത്ത് എത്തിച്ച് ഓട്ടോറിക്ഷയിൽ കയറ്റി മൈതാനത്തു കൊണ്ടുവന്നതും കുട്ടി പൊലീസിനോടു വിശദീകരിച്ചു. 1 മണിക്കൂർ നീണ്ട കണ്ണീരിനൊടുവിൽ ആ വിവരം അമ്മയെത്തേടിയെത്തി. മകൾ ആശ്രാമം മൈതാനത്തുണ്ട്. പിന്നാലെ വിഡിയോ കോൾ. സ്ക്രീനിൽ മകളുടെ മുഖം കണ്ടപ്പോൾ അമ്മ സിജി പൊട്ടിക്കരഞ്ഞു. പിന്നെ ഫോൺ ചുണ്ടോടു ചേർത്ത് ഉമ്മകൾ കൊണ്ടു മൂടി. അമ്മയ്ക്കും മോൾക്കും വാക്കുകൾ ഇടറി.

