KSDLIVENEWS

Real news for everyone

ആകാശത്ത് പൊന്തിനിൽക്കുന്ന കപ്പൽ: അജ്മാൻ തീരത്തെ അപൂർവ്വ മായക്കാഴ്ച വൈറൽ; പിന്നിൽ മലയാളി ഫോട്ടോഗ്രാഫർ

SHARE THIS ON

അജ്മാൻ: അജ്മാൻ തീരക്കടലിൽ ചരക്കുകപ്പൽ ആകാശത്ത് പൊന്തിനിൽക്കുന്ന രീതിയിൽ കാണപ്പെട്ട അപൂർവ്വ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. മലയാളി പ്രവാസി ജസീൽ പെരളശ്ശേരി പകർത്തിയ ഈ ദൃശ്യം വെറും 20 മണിക്കൂറിനുള്ളിൽ 3.1 കോടിയിലധികം ആളുകളാണ് കണ്ടത്.

ആദ്യ കാഴ്ചയിൽ അദ്ഭുതമായി തോന്നാമെങ്കിലും, ഇതിനു പിന്നിൽ ‘സുപ്പീരിയർ മിറാഷ്’ എന്ന സ്വാഭാവിക പ്രകാശ പ്രതിഭാസമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ വ്യത്യസ്ത താപനിലയിലുള്ള വായുമേഖലകളിലൂടെ വെളിച്ചം സഞ്ചരിക്കുമ്പോൾ പ്രകാശത്തിന്റെ സഞ്ചാരപാതയിലുണ്ടാകുന്ന മാറ്റമാണ് കപ്പൽ ജലനിരപ്പിൽ നിന്ന് ഉയർന്നുനിൽക്കുന്നതായി തോന്നിപ്പിക്കുന്നത്. അന്തരീക്ഷ വ്യതിയാനങ്ങൾ മൂലമുണ്ടായത് മായാക്കാഴ്ചയാണ്. യഥാർത്ഥത്തിൽ കടലിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

മലയാളി പ്രവാസി ജസീൽ പെരളശ്ശേരി യാദൃച്ഛികമായാണ് അജ്മാൻ തീരത്തുനിന്നും ഈ ദൃശ്യം മൊബൈലിൽ പകർത്തിയത്. താൻ സാധാരണ രീതിയിൽ പകർത്തി പങ്കുവെച്ച വീഡിയോ ഇത്രയധികം തരംഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു. യൂട്യൂബിലൂടെ സ്വയം ഫോട്ടോഗ്രാഫിയും വീഡിയോ നിർമ്മാണവും പഠിച്ച ജസീൽ ഒരു വർഷം മുൻപാണ് യു.എ.ഇയിൽ എത്തിയത്.

മുൻപും ഫോട്ടോഗ്രാഫി മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് ജസീൽ പെരളശ്ശേരി. 2026 സെപ്റ്റംബറിൽ ദുബായിൽ നടന്ന ‘ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി’ മത്സരത്തിൽ ഒന്നാം സമ്മാനമായ 15,000 ദിർഹം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അൽ ജദ്ദാഫ് വാക്കിൽ വച്ച് ഹിജാബ് ധരിച്ച ഫ്രീസ്റ്റൈൽ ഫുട്ബോൾ താരം ഹാദിയ ഹക്കീമിന്റെ ചിത്രമാണ് അന്ന് അവാർഡിന് അർഹമായത്.

സുപ്പീരിയർ മിറാഷ്

വിദൂരത്തിലുള്ള ഒരു കപ്പൽ കടലിന്റെ ഉപരിതലത്തേക്കാൾ മുകളിലേക്ക് ഉയർന്നു നിൽക്കുന്നതായോ വായുവിൽ പൊങ്ങിക്കിടക്കുന്നതായോ തോന്നുന്നതിന് പ്രധാന കാരണം അന്തരീക്ഷ അപവർത്തനം (Atmospheric Refraction) എന്ന പ്രകാശ പ്രതിഭാസമാണ്. പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രത വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ സഞ്ചാരപാതയ്ക്ക് ഉണ്ടാകുന്ന ദിശാവ്യതിയാനത്തെയാണ് അപവർത്തനം എന്ന് പറയുന്നത്. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതായി തോന്നുന്നതും, യഥാർത്ഥ സൂര്യോദയത്തിന് രണ്ട് മിനിറ്റ് മുൻപേ സൂര്യനെ കാണാൻ സാധിക്കുന്നതും ഈ പ്രതിഭാസം കാരണമാണ്. നിലവിൽ കപ്പൽ വായുവിൽ ഉയർന്ന് നിൽക്കുന്നതായി തോന്നുന്ന ഈ പ്രതിഭാസത്തിനെ ശാസ്ത്രീയമായി സുപ്പീരിയർ മിറാഷ് (Superior Mirage) എന്ന് വിളിക്കുന്നു.

പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നത്?

കടൽജലം തണുത്തിരിക്കുകയും അതിന് മുകളിലുള്ള വായു താരതമ്യേന ചൂടുകൂടിയതുമായിരിക്കുമ്പോൾ വായുവിന്റെ പാളികളിലെ താപനിലയിൽ വ്യത്യാസം രൂപപ്പെടുന്നു. താഴെ തണുത്ത വായുവും മുകളിൽ ചൂടുകൂടിയ വായുവും വരുന്ന ഈ അവസ്ഥയെ താപ വിപരീതനം എന്ന് പറയുന്നു. തണുത്ത വായുവിന് സാന്ദ്രത കൂടുതലും ചൂടുകൂടിയ വായുവിന് സാന്ദ്രത കുറവും ആയിരിക്കും. കപ്പലിൽ നിന്നുള്ള പ്രകാശകിരണങ്ങൾ സാന്ദ്രത കൂടിയ തണുത്ത വായുവിൽ നിന്ന് സാന്ദ്രത കുറഞ്ഞ ചൂടുകൂടിയ വായുവിലേക്ക് കടക്കുമ്പോൾ താഴേക്ക് വളയുന്നു. മനുഷ്യന്റെ കണ്ണിന് പ്രകാശത്തിന്റെ വളവ് തിരിച്ചറിയാനുള്ള കഴിവില്ല. പ്രകാശകിരണങ്ങൾ നേർരേഖയിലാണ് സഞ്ചരിക്കുന്നത് എന്നാണ് അത് കണക്കാക്കുന്നത്. വളഞ്ഞെത്തുന്ന കിരണങ്ങൾ കണ്ണിലെത്തുമ്പോൾ യഥാർത്ഥ കപ്പലിനേക്കാൾ മുകളിലായാണ് പ്രതിബിംബം രൂപപ്പെടുന്നത്. അതുകൊണ്ട് കപ്പൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്നതായി തോന്നുന്നു. സാധാരണമായി ധ്രുവപ്രദേശങ്ങളിലോ തണുത്ത കടൽക്കാറ്റുള്ള പ്രദേശങ്ങളിലോ ആണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്. ചിലപ്പോൾ പ്രതിബിംബം നേരെയും മറ്റു ചിലപ്പോൾ തലകീഴായും കാണപ്പെടാം.

error: Content is protected !!