KSDLIVENEWS

Real news for everyone

രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി

SHARE THIS ON

ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് അദ്ദേഹം പിന്മാറി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. എന്നോട് നിങ്ങൾ ക്ഷമിക്കുക എന്ന് ട്വിറ്ററിൽ പങ്കുവെച്ച് കുറിപ്പിൽ അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാർട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ അറിയിച്ചിരുന്നത്

ആരോഗ്യസ്ഥിതിയിൽ പ്രശ്നമുണ്ടെന്ന് രജനി കാന്ത് അറിയിച്ചു. 120 പേർ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റിൽ കോവിഡ് പടർന്നതിനേ തുടർന്ന് അതിന്റെ പ്രശ്നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ സാധിക്കുക എന്ന ചോദ്യം അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. പാർട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു.

നേരത്തെ അണ്ണാതെ സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെത്തുടർന്ന് ഹൈദരാബാദിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും രജനി ആരോഗ്യം ശ്രദ്ധിക്കണം എന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയത്. ഒരാഴ്ച പൂർണമായും ബെഡ് റെസ്റ്റ്, ടെൻഷൻ വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം, കോവിഡ് പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നും ഡോക്ടർമാർ താരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. കുറച്ച് വർഷം മുൻപ് കിഡ്നി മാറ്റിവെച്ച സാഹചര്യം കൂടി പരിഗണിച്ചാണ് നിർദേശം. ഇതോടെ രജനിയുടെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു.

രജനിയുടെ രാഷ്ട്രീയപ്രവേശനം വർഷങ്ങളായി തമിഴകത്തിലെ പ്രധാന ചർച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടർന്നാണ് അഭ്യൂഹങ്ങൾ ശക്തമായത്. സമയമാകുമ്പോൾ താൻ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ ഇതുവരെയുള്ള പ്രതികരണം. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. വൻ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!