ഇനി നാലു നാൾ: ഉച്ചയ്ക്കു മുൻപ് ഫലം അറിയാം; മുന്നണി നേതൃത്വങ്ങളുടെ നെഞ്ചിടിപ്പേറി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് 4 നാൾ മാത്രം ശേഷിക്കേ, മുന്നണി നേതൃത്വങ്ങളുടെ നെഞ്ചിടിപ്പേറി. കണക്കുകൂട്ടലുകൾക്ക് ഇന്ധനം നൽകി എക്സിറ്റ് പോൾ ഫലങ്ങളും വന്നു. കണക്കെടുത്തു ടെൻഷനടിച്ചു കഴിയുകയാണ് വോട്ടെടുപ്പ് മുതൽ സ്ഥാനാർഥികൾ.
മേയ് 4 ന് ഉച്ചയ്ക്കു മുൻപ് വ്യക്തമായ ഫലം അറിയാമെങ്കിലും സ്ഥാനാർഥികളും പാർട്ടി നേതൃത്വങ്ങളും പലതവണ കണക്കെടുത്തു കഴിഞ്ഞു. ബൂത്ത് തലം മുതലുള്ള കണക്കുകൾ അതതു പാർട്ടികളുടെ ജില്ലാ നേതൃയോഗങ്ങൾ വിശകലനം ചെയ്തു. 76.29 ശതമാനമാണ് ജില്ലയിലെ പോളിങ്. ആകെയുള്ള 20,87,992 വോട്ടർമാരിൽ പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ ആകെ 16,24,592 പേർ വോട്ടു ചെയ്തു. 11 നിയമസഭാ മണ്ഡലങ്ങളിൽ പുനലൂരിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്– 71.02 ശതമാനം. കൂടുതൽ കരുനാഗപ്പള്ളിയിലും– 78.82 ശതമാനം.
ഇക്കുറി വൻ മുന്നേറ്റമാണു ജില്ലയിൽ യുഡിഎഫും കോൺഗ്രസും പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞത് 5 സീറ്റുകൾ ഉറപ്പാണെന്നാണു കണക്ക്. കരുനാഗപ്പള്ളി, കുണ്ടറ, കൊല്ലം, ചവറ, കുന്നത്തൂർ എന്നിവയാണ് ഉറപ്പുള്ള സീറ്റുകൾ. ശക്തമായ മത്സരം നടന്ന പത്തനാപുരത്തും കൊട്ടാരക്കരയിലും ചടയമംഗലത്തും തരംഗം അനുകൂലമെങ്കിൽ വിജയം ഉറപ്പാണമെന്നു കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. ശക്തമായ മത്സരം നടന്ന ഇരവിപുരത്തും പ്രതീക്ഷയുണ്ടെന്നു ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ചാത്തന്നൂരിൽ വിജയിച്ചാൽ അതു വൻ അട്ടിമറിയാകും.
2021 ആവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം. കഴിഞ്ഞ തവണ വിജയിച്ച കൊട്ടാരക്കര, കൊല്ലം, പുനലൂർ, പത്തനാപുരം, ചടയമംഗലം, ചാത്തന്നൂർ, കുന്നത്തൂർ, ചവറ, ഇരവിപുരം സീറ്റുകളിൽ വിജയം ഉറപ്പാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പറയുന്നു. കരുനാഗപ്പള്ളി, കുണ്ടറ എന്നിവിടങ്ങളിൽ കനത്ത മത്സരം കാഴ്ചവയ്ക്കാനായി. സിപിഎം നേതൃത്വം ആത്മവിശ്വാസം പങ്കുവയ്ക്കുമ്പോഴും ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. എൻഡിഎയിൽ ബിഡിജെഎസ്, ട്വന്റി20 എന്നിവയ്ക്കു നൽകിയ സീറ്റുകളിൽ ബിജെപി വോട്ട് മുന്നണിക്കു കിട്ടാതെ മറിഞ്ഞിട്ടുണ്ടെങ്കിൽ അതാർക്ക് എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. ഇടതു വോട്ടുകൾ ഒരു മണ്ഡലത്തിലും ചോർന്നിട്ടില്ലെന്നു സിപിഎം നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ സിപിഎമ്മിലും സിപിഐയിലും ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്ന മണ്ഡലങ്ങളിലെ സ്ഥിതി വോട്ടുവിഹിതം വിലയിരുത്തിയാലേ വ്യക്തമാകൂവെന്നതാണു വാസ്തവം.
ജില്ലയിൽ ചാത്തന്നൂർ മണ്ഡലത്തിലാണു ബിജെപിക്കു ശുഭപ്രതീക്ഷ. കരുനാഗപ്പള്ളിയിൽ രണ്ടാം സ്ഥാനത്ത് എത്തിയേക്കാമെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറയുന്നു.

