KSDLIVENEWS

Real news for everyone

വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി; പാർട്ടിയും പഞ്ചായത്തും തടസ്സം നിന്ന വീടു നിർമാണം പുനരാരംഭിക്കാൻ ഹൈക്കോടതി വിധി

SHARE THIS ON

കാഞ്ഞങ്ങാട് ∙ പാർട്ടിയും പഞ്ചായത്തും തടസ്സം നിന്ന വീടു നിർമാണം പുനരാരംഭിക്കാൻ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടി കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻ നായിലെ വി.എം.റാസിഖ്. വീട് നിർമാണത്തിന് പഞ്ചായത്ത് നൽകിയ സ്റ്റോപ് മെമ്മോ ഹൈക്കോടതി സ്റ്റേ ചെയ്തു. വീട് നിർമാണവുമായി മുന്നോട്ട് പോകാമെന്നും കോടതി ഉത്തരവിട്ടു. നീതി ഉറപ്പു വരുത്താൻ വേണ്ടിയാണ് സ്റ്റോപ് മെമ്മോ റദ്ദാക്കുന്നതെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവിൽ പറയുന്നു. വി.എം.റാസിഖ് നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി. പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫിസർക്കും ആർഡിഒയ്ക്കും നോട്ടിസ് അയക്കാനും കോടതി നിർദേശിച്ചു.  കഴിഞ്ഞ ഏപ്രിൽ 15നാണ് റാസിഖിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ കൊടി നാട്ടിയത്. തിരഞ്ഞെടുപ്പ് ഫണ്ട് നൽകാൻ വൈകിയതിന്റെ വൈരാഗ്യത്തിലാണ് വീടിന്റെ തറ പൊളിച്ചതെന്ന കുടുംബത്തിന്റെ ആരോപണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.  പിന്നീട് വീട് നിർമാണം തടസ്സപ്പെടുത്താനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ‍ഞ്ചായത്തിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്. എന്നാൽ പഞ്ചായത്ത് നൽകിയ പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് റാസിഖ് വീട് നിർമാണം ആരംഭിച്ചത്. വില്ലേജ് ഓഫിസറും വീട് നിർമാണത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ റോഡ് നിർമാണത്തിന്റെ ഭാഗമായി ഇട്ട കല്ലും മണ്ണും നീക്കിയാൽ സ്റ്റേ നീക്കം ചെയ്യാമെന്ന പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചു.  തുടർന്നു പണി തുടങ്ങിയെങ്കിലും പ്രാദേശിക സിപിഎം നേതാക്കളെത്തി തടഞ്ഞു. പണി തടയുമെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ യൂത്ത് ലീഗ് പ്രവർത്തകരും സ്ഥലത്ത് ഉണ്ടായിരുന്നു. പൊലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് അന്ന് സംഘർഷം ഒഴിവായത്.  വീട് നിർമിക്കുന്നത് വയലിലാണെന്നും‍ ഇത്‍ പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമാകും എന്നാണ് വീട് പണി തടയാനുള്ള കാരണമായി പറയുന്നത്. എന്നാൽ ഇതിന് സമീപത്ത് തന്നെയായി വീടുകൾ ഏറെയുണ്ട്. വീട്ടുടമസ്ഥന് അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഹൊസ്ദുർഗ് എസ്ഐയായിരുന്ന പി.വി.ഗണേശനെ മഞ്ചേശ്വരത്തേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയെയും മാറ്റി. കോടോം-ബേളൂർ പ‍ഞ്ചായത്തിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയത്. എന്നാൽ ഈ ഉത്തരവ് മാറ്റാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!