ഇന്ധന വില വർദ്ധനവ്; അനാവശ്യയാത്രകൾ ഇനി വകുപ്പ് വാഹനങ്ങളിൽ വേണ്ടെന്ന് ജില്ലാ പോലീസ് മേധാവി

കാസർകോട്: ഇന്ധനവില വർധിച്ച സാഹചര്യത്തിൽ പോലീസുകാർക്കും വാഹന ഉപയോഗങ്ങളിൽ നിയന്ത്രണം വരുന്നു. ജില്ലയിലെ പോലീസ് സ്റ്റേഷനിൽ ഉപയോഗിക്കുന്ന വകുപ്പ് വാഹനങ്ങൾ ഇനിമുതൽ അനാവശ്യയാത്രകൾക്ക് ഉപയോഗിക്കരുതെന്ന് ജില്ലാ പോലീസ് മേധാവി നിർദേശിച്ചു. നിയമപരമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമാണ് വകുപ്പ് വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ, മിക്കയിടങ്ങളിലും വകുപ്പ് വാഹനങ്ങൾ പോലീസുകാരെ രാവിലെ സ്റ്റേഷനിലെത്തിക്കുന്നതിനും വൈകീട്ട് തിരിച്ച് കൊണ്ടുവിടുന്നതിനുമായി ഉപയോഗിച്ചിരുന്നു. ജില്ലയിലെ വനിതാസെൽ, ജില്ലാ ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് എന്നിവരുടെ വാഹനങ്ങൾ രാവിലെയും വൈകീട്ടുമായി ഇത്തരത്തിൽ യാത്രചെയ്യുന്നുണ്ട്. കാസർകോട്നിന്നും കാഞ്ഞങ്ങാട്, നീലേശ്വരം, ചന്തേര എന്നീ ഭാഗങ്ങളിലേക്കും വാഹനങ്ങൾ ഓടുന്നുണ്ട്. ഒരു പോലീസ് വാഹനത്തിന് ഒരു മാസം 200 മുതൽ 300 ലിറ്റർ ഇന്ധനം നിറയ്ക്കാനാണ് അനുമതിയുള്ളത്. എന്നാൽ, ഇത് തികയാതെവരുമ്പോൾ അധികമായി വരുന്നതിന് പ്രത്യേക അപേക്ഷ തയ്യാറാക്കി അനുമതി നേടുകയുമാണ് പതിവ്. ഇത്തരം യാത്രകൾ ഒഴിവാക്കി ഇന്ധനം പരമാവധി ലാഭിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

