KSDLIVENEWS

Real news for everyone

കോഴിക്കോട് കുറ്റ്യാടിയിൽ സ്കൂൾ വാഹനത്തിന്റെ ഡ്രൈവർക്കു ദേഹാസ്വാസ്ഥ്യം: വാഹനമൊതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വിയോഗം

SHARE THIS ON

കുറ്റ്യാടി (കോഴിക്കോട്): സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വാൻ ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആശുപത്രിയിൽ മരിച്ചത്. അസ്വസ്ഥത തോന്നിയപ്പോൾ വാഹനം സുരക്ഷിതമായി റോഡരികിൽ നിർത്തി അനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു.

വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അനിലിനു ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിർത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനിൽ സ്വന്തം ഫോണിൽനിന്നു സ്കൂളിലേക്ക് വിളിപ്പിച്ചു. സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവർ എത്തിയാണ്‌ കുട്ടികളെ വീടുകളിൽ എത്തിച്ചത്.

ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരി: അനില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!