KSDLIVENEWS

Real news for everyone

ബാബറി മസ്ജിദ്: കോടതിയലക്ഷ്യ കേസിലെ നടപടി അവസാനിപ്പിച്ച്‌ സുപ്രീംകോടതി; ഗോധ്ര കലാപ കേസിലും നടപടി അവസാനിപ്പിച്ചു

SHARE THIS ON

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരായ കോടതിയലക്ഷ്യ കേസുകള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. ഗുജറാത്തിലെ ഗോധ്ര കലാപവുമായി ബന്ധപ്പെട്ട കേസുകളിലും സുപ്രീംകോടതി തീര്‍പ്പ് കല്‍പിച്ചു. 2019 ലെ സുപ്രീംകോടതി വിധി അനുസരിച്ച്‌ കോടതിയലക്ഷ്യ കേസുകള്‍ നിലനില്‍ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അയോധ്യ കേസിലെ നടപടികള്‍ അവസാനിപ്പിച്ചത്. കേസിന്റെ കാലപ്പഴക്കവും കോടതി ചൂണ്ടിക്കാട്ടി.

ബാബറി മസ്ജിദ് തകര്‍ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയിലെ നപടികളാണ് സുപ്രീംകോടതി അവസാനിപ്പിച്ചത്. അയോധ്യ തര്‍ക്ക ഭൂമി കേസിലെ വിധി വന്ന സാഹചര്യത്തില്‍ കോടതി അലക്ഷ്യ ഹര്‍ജിയിലെ നപടികള്‍ അപ്രസക്തമായെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിലവില്‍ ഈ ഹര്‍ജികള്‍ക്ക് ഒരു പ്രസക്തിയും ഇല്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്.ഓക, വിക്രം നാഥ്‌ എന്നിവര്‍ അടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു.

ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുമ്ബ് അയോധ്യയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തത്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചയാണ് മസ്‍ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതയലക്ഷ്യ ഹ‍ര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ഈ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. സുപ്രീംകോടതിയെ സമീപിച്ച മുഹമ്മദ് അസ്ലാം 2010ല്‍ മരിച്ചു. കേസില്‍ അമിക്കസ് ക്യുറിയെ നിയമിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി ആവശ്യം തള്ളി.

വര്‍ഷങ്ങള്‍ പിന്നിട്ടതോടെ കേസുകള്‍ അപ്രസക്തമായെന്ന ന്യായം ഉന്നയിച്ചാണ് 2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപ കേസുകളിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചത്. കോടതി നിര്‍ദേശപ്രകാരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (SIT) എടുത്ത 9ല്‍ എട്ട് കേസുകളിലും വിചാരണ പൂര്‍ത്തിയായതും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!