എയിംസില്‍ സൈബര്‍ ആക്രമണം ; നാലുകോടി പേരുടെ ആരോഗ്യഡാറ്റ ചോര്‍ത്തി

ന്യൂഡല്‍ഹി : അജ്ഞാത ഉറവിടത്തില്‍നിന്നുള്ള സൈബര് ആക്രമണം നേരിട്ട് ഏഴാം ദിവസവും ഡല്‍ഹി എയിംസ് ആശുപത്രി സെര്‍വറിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായില്ല. നാലുകോടി ആളുകളുടെ ആരോഗ്യഡാറ്റ ചോര്‍ന്നെന്ന് സംശയം. അവ വീണ്ടെടുക്കാനും ആയിട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രിമാര്‍, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരുടെയടക്കം ഡാറ്റ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് കോവിഡ് വാക്സിന്‍ സ്വീകരിച്ചതും എയിംസില്‍നിന്നാണ്.
ആശുപത്രിയുടെ പരാതിയില്‍ സൈബര്‍ ഭീകരവാദകുറ്റം ചുമത്തി ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ കേസെടുത്തു. സെെബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഹാക്കര്‍മാര്‍ 200 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, ആഭ്യന്തരമന്ത്രാലയം എന്നിവര്‍ നടത്തുന്ന അന്വേഷണത്തിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സിയും രംഗത്തുണ്ട്. ഇ–- മെയില്‍ വഴി എത്തിയ വൈറസിന്റെ ഉറവിടം വിദേശത്താണെന്നാണ് സംശയം.
ഇ–- ആശുപത്രി സേവനം ഇല്ലാതായതോടെ എല്ലാ സേവനങ്ങളും നേരിട്ടാക്കി. ഡോക്ടര്‍മാര്‍ സ്വന്തം കുറിപ്പടിയിലാണ് മരുന്ന് എഴുതി നല്‍കുന്നത്. ലാബ് റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ് നടപടികളും പേപ്പര്‍ വഴിയാണ്. അതിനായി വന്‍തോതില്‍ പേപ്പര് എയിംസില്‍ എത്തിച്ചു. ഡ്യൂട്ടിഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ രോഗികള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആറോടെയാണ് രോഗികളുടെ ഡാറ്റാ സംവിധാനവും ഒപിഡി രജിസ്ട്രേഷന്‍, പരിശോധനകള്‍, സ്മാര്‍ട്ട് ലാബ്, ബില്ലിങ് എന്നിവ ഉള്‍പ്പെടെയുള്ളവ ബന്ധിപ്പിച്ചിട്ടുള്ള ഇ–- ആശുപത്രി സെര്‍വറിനുനേരെ ആക്രമണമുണ്ടായത്.

