KSDLIVENEWS

Real news for everyone

ഒന്നരലക്ഷം മറ്റുള്ളവര്‍ക്കും: എംജി കോഴയില്‍ ജീവനക്കാരിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

SHARE THIS ON

കോട്ടയം∙ എംജി സർവകലാശാലയിൽ കോഴവാങ്ങി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി ജീവനക്കാരുടെ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന നിഗമനത്തിൽ വിജിലൻസ്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജീവനക്കാരിയും പരാതിക്കാരിയും നടത്തിയ ഫോൺ സംഭാഷണത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പണം നൽകേണ്ട ഉദ്യോഗസ്ഥരുടെ പേരുകൾ അടക്കം സംഭാഷണത്തിൽ പരാമർശിക്കുന്നുണ്ട്. സർവകലാശാലയുടെ അന്വേഷണത്തില്‍ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ് യോഗം ഇന്നു ചേരും.

എംബിഎ മാർക്ക് ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും നൽകാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസിസ്റ്റന്റ് സി.ജെ.എൽസിയാണ് കഴിഞ്ഞ ദിവസം വിജിലൻസിന്റെ പിടിയിലായത്. കോഴ ഇടപാടിലെ ബുദ്ധികേന്ദ്രം എൽസി മാത്രമല്ലെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളാണ് വിജിലൻസിന് ലഭിച്ചത്.

താൻ ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപ എംബിഎ സെക്ഷനിലെ മറ്റു ജീവനക്കാർക്ക് കൈമാറാനാണെന്ന് എൽസി പരാതിക്കാരിയോട് വിശദീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പേരുകളും രണ്ടു മാസം മുൻപ് നടത്തിയ ഫോൺ സംഭാഷണത്തിലുണ്ട്. സർട്ടിഫിക്കറ്റ് വിതരണത്തിനപ്പുറം പണം കൈപ്പറ്റി പരീക്ഷാഫലം തിരുത്തുന്നതിനുൾപ്പെടെയുള്ള ക്രമക്കേടുകൾക്കും ഉദ്യോഗസ്ഥ മാഫിയ നേതൃത്വം നൽകുന്നതായും സൂചനയുണ്ട്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഡിവൈഎസ്പി എ.കെ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രമക്കേട് നടന്ന എംബിഎ സെക്ഷനിലെ രേഖകൾ പരിശോധിക്കുന്ന സംഘം മറ്റു ജീവനക്കാരെയും ചോദ്യം ചെയ്യും.

ആക്ഷേപങ്ങൾ ഉയർന്നതോടെയാണ് എൽസിയുടെ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താനുള്ള തീരുമാനം. താൽക്കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ച എൽസിക്ക് 2009ൽ പ്യൂണായി സ്ഥിരം നിയമനം ലഭിച്ചു. ഏഴ്‌ വർഷത്തിനകം അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റവും. പ്യൂൺ പ്രൊമോഷൻ വ്യവസ്ഥ തിരുത്തിയാണ് എൽസിയുടെ നിയമനമെന്നാണ് ആക്ഷേപം. നിയമനം സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!