KSDLIVENEWS

Real news for everyone

വീട്ടിലെ സകലപുരുഷന്മാരെയും പ്രതിയാക്കിയെന്ന് ദിലീപ്; ഫോണിന് കെഞ്ചേണ്ട സ്ഥിതിയെന്ന് പ്രോസിക്യൂഷന്‍

SHARE THIS ON

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ നടന്നത് വൈകാരികമായ വാദപ്രതിവാദം. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചപ്പോൾ വൈകാരികമായ വാക്കുകളിലൂടെയാണ് പ്രതിഭാഗം വാദിച്ചത്.

വീട്ടിലെ സകലപുരുഷന്മാരെയും കേസിൽ പ്രതികളാക്കിയെന്നും 84-കാരിയായ അമ്മയും വീട്ടിലെ മറ്റുസ്ത്രീകളുമാണ് ഇനി ബാക്കിയുള്ളതെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എങ്ങനെയും കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.


അതേസമയം, ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഫോൺ കിട്ടാൻ കെഞ്ചേണ്ട സ്ഥിതിയാണുണ്ടായത്. ഫോൺ മുംബൈയിൽ അയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. മറ്റൊരു പ്രതിക്കും ലഭിക്കാത്ത പ്രത്യേക പ്രിവിലേജ് ദിലീപിന് മാത്രമായി ഉണ്ടാകരുത്. ഫോൺവിവരങ്ങൾ സി.ഡി.ആർ. രേഖകളടക്കം പരിശോധിച്ച് അന്വേഷണസംഘം കണ്ടെത്തിയതാണ്. പ്രതിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. 33 മണിക്കൂർ ചോദ്യംചെയ്തിട്ടും പ്രതി അന്വേഷണവുമായി സഹകരിച്ചില്ല. അതിനാൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വാദം പൂർത്തിയാക്കി ചൊവ്വാഴ്ച തന്നെ ജാമ്യാപേക്ഷയിൽ വിധി പറയും. ഫോണുകൾ പരിശോധന നടത്തുന്ന കാര്യത്തിലും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനമെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!