ലിഫ്റ്റിൽ തലകുത്തനെ കുടുങ്ങി അറുപതുകാരി, പുറത്തെത്തിച്ചത് സാഹസികമായി

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ അറുപതുകാരി ലിഫ്‌റ്റിൽ കുടുങ്ങി തലകുത്തനെ കിടന്നത് അരമണിക്കൂറോളം. ചിറ്റാർ വലിയപറന്പിൽ റിട്ട. അധ്യാപിക മറിയാമ്മ തോമസ് ആണ് പ്രാണഭയത്തോടെ മുൾമുനയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവത്തിന് തുടക്കം. ആശുപത്രിയിലെ മുകളിലെനിലയിൽനിന്ന് താഴത്തെ നിലയിലേക്ക് എത്തുകയായിരുന്നു മറിയാമ്മ. പുറത്തേക്കിറങ്ങുന്നതിനിടെ മറിയാമ്മയുടെ കാലുകൾ ലിഫ്‌റ്റിന്റെ വാതിലിനിടയിൽ കുടുങ്ങുകയും ലിഫ്റ്റ് നീങ്ങുകയും ചെയ്യുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. സംഭവം കണ്ടുഭയന്ന ആശുപത്രി ജീവനക്കാരി ബോധംകെട്ടുവീണു.
മറിയാമ്മയുടെ കാലുകൾ മുകളിലോട്ടും തല താഴോട്ടുമായ അവസ്ഥയിലായിരുന്നു. ഉടനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. ഹൈേഡ്രാളിക് മെഷീൻ ഉൾപ്പെടെ ഉപയോഗിച്ചു. സമീപത്തെ ജനറൽ ആശുപത്രിയിലുണ്ടായിരുന്ന ലിഫ്റ്റ് ടെക്നീഷ്യനെയും സ്ഥലത്തെത്തിച്ചു. ലിഫ്റ്റിന്റെ സെൻസർ തകരാറാണ് സംഭവത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. പുറത്തെത്തിച്ച മറിയാമ്മയെ സ്ട്രെച്ചറിലാണ് ആംബുലൻസിലേക്ക് കയറ്റിയത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ വലതുകൈയ്ക്ക് ഒടിവും കാലിന് സാരമായി പരിക്കുമുണ്ടെന്ന് കണ്ടെത്തി. അഗ്നിരക്ഷാസേനാ ഓഫീസർ പ്രതാപചന്ദ്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാർ, േഗ്രഡ് ഓഫീസർ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

