ബെംഗളൂരുവില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു; എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ബെംഗളൂരു : നഗരത്തിൽ കാർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ഔഡി ക്യു 3 ഇന്ന് പുലർച്ചെ 2:30നാണ് അപകടത്തിൽപ്പെട്ടത്. തമഴിനാട്ടിലെ ഡി.എം.കെ എംഎൽഎ വൈ. പ്രകാശിന്റെ മകൻ കരുണ സാഗർ, ഭാര്യ ബിന്ദു എന്നിവരുൾപ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗമാണ് അപകടത്തിന് കാരണം.
നിയന്ത്രണം നഷ്ടപ്പെട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് പോസ്റ്റിലിടിച്ച് തകരുകയുമായിരുന്നു. കാറിനുള്ളിൽ ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വാഹനത്തിലുണ്ടായിരുന്ന ആറ് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്ന് തരിപ്പണമായി. വാഹനം പോസ്റ്റിൽ ഇടിച്ചതിന് പിന്നാലെ ഒരു ടയർ ഊരി തെറിക്കുകയായിരുന്നു.

