കുടകിലെ റിസോർട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രൊഫസറെയും ഭര്‍ത്താവിനെയും മകളെയും; തട്ടിപ്പിന് ഇരയായെന്ന് സൂചന

ഇരിട്ടി: കുടകിലെ റിസോർട്ടിൽ തിരുവല്ല മാർത്തോമ കോളേജിലെ അസി. പ്രൊഫസറെയും ഭർത്താവിനെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല മാർത്തോമ കോളജിലെ അസി. പ്രൊഫസർ കല്ലൂപ്പാറ സ്വദേശിനി ജിബി എബ്രഹാം (38), തിരുവല്ലയിൽ എജ്യുക്കേഷൻ കൺസൾട്ടൻസി നടത്തുന്ന ഭർത്താവും വിമുക്തഭടനും കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനൻ (43), ജിബിയുടെ ആദ്യവിവാഹത്തിലുള്ള മകൾ ജെയിൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലും ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലുമായിരുന്നു. കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോർട്ടിലെ കോട്ടേജിൽ ശനിയാഴ്ച രാവിലെ ഹോട്ടൽ ജോലിക്കാരാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് മൂന്നംഗ കുടുംബം റിസോർട്ടിൽ മുറിയെടുത്തത്. കുറച്ചുനേരം ഇവർ റിസോർട്ട് ചുറ്റിനടന്ന് കണ്ടിരുന്നുവെന്ന് മാനേജർ ആനന്ദ് പോലീസിന് മൊഴിനൽകി. പുറത്തുള്ള കടയിൽ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ 10-ന് മുറി ഒഴിയുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോൾ ജീവനക്കാർ വിളിച്ചെങ്കിലും മുറി തുറന്നില്ല. മുറിയുടെ പുറത്ത് ചെരിപ്പ് കണ്ടതിനാൽ 11 മണിയോടെ ജനാല വഴി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത് വിനോദിന്റെയും ജിബിയുടെയും രണ്ടാംവിവാഹമാണ്. ജിബി ജനിച്ചതും വളർന്നതും ഗൾഫിലാണ്. കാസർകോട് സ്വദേശിയുമായി വിവാഹം കഴിഞ്ഞശേഷം ബെംഗളൂരുവിൽ കഴിയുകയായിരുന്നു. എട്ടുവർഷം മുൻപാണ് തിരുവല്ല മാർത്തോമ കോളജിൽ സെൽഫ് ഫിനാൻസിങ് കോഴ്സായ എം.എസ്സി. ബയോടെക്നോളജിയിൽ അസി. പ്രൊഫസറായി ചേർന്നത്. തിരുവല്ല ജോയ് ആലുക്കാസിന് സമീപത്തെ ഫ്ളാറ്റിലാണ് വിനോദും ജിബിയും മകളുമായി കഴിഞ്ഞിരുന്നത്. വിനോദിന്റെ കൺസൾട്ടൻസിയിൽ ജിബി പാർട്ണർ കൂടിയായിരുന്നു. ജെയിൻ മരിയ ജേക്കബ് ഏഴാംക്ലാസിലാണ് പഠിക്കുന്നത്. കനേഡിയൻ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം. പരവൂരിലെ കൂനയിൽ ചാമവിള പടിഞ്ഞേറ്റതിൽ ബാബുസേനന്റെയും കസ്തൂരിഭായിയുടെയും മകനാണ് വിനോദ്. നിഷ സഹോദരിയാണ്. വിനോദ് സൈന്യത്തിൽനിന്ന് വിരമിച്ചയാളാണ്. ഇയാൾക്ക് ആദ്യ വിവാഹത്തിൽ ഭാര്യയും ഒരു മകളുമുണ്ട്. ഇവർ കാനഡയിലാണുള്ളതെന്നാണ് പറഞ്ഞിരിക്കുന്നത്. ജിബി കഴിഞ്ഞ മാസം പരീക്ഷാഡ്യൂട്ടിക്ക് എത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഒരാഴ്ചമുൻപ് ഡൽഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജിബി ലീവെടുത്തത്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം മടിക്കേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി. മൃതദേഹത്തിനടുത്തുനിന്ന് ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
(ശ്രദ്ധിക്കുക- ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

