ആറ് വയസുകാരിയായ നക്ഷത്രയുടെ കൊലപാതകം; കുറ്റാരോപിതനായ അച്ഛൻ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മാവേലിക്കരയില്‍ മകളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് (38) ശാസ്താംകോട്ടയില്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ആലപ്പുഴ കോടതിയില്‍ എത്തിച്ച ശേഷം തിരുവനന്തപുരം സെൻട്രല്‍ ജയിലിലേക്ക് മടങ്ങും വഴി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ഉച്ചയ്ക്ക് 2.50നാണ് സംഭവം. മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ട്രാക്കിലേക്ക് ചാടാൻ രണ്ട് പോലീസുകാരെ തള്ളിമാറ്റി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര(6)ന്റെ അച്ഛൻ ശ്രീമഹേഷ് ജൂണ്‍ ഏഴിന് രാത്രിയാണ് മകളെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ബഹളം കേട്ട് മഹേഷിന്റെ അമ്മ സുനന്ദ അടുത്ത വീട്ടില്‍ നിന്ന് ഓടിയെത്തിയപ്പോഴാണ് നക്ഷത്ര സോഫയില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്നത് കണ്ടത്. . ബഹളം വെച്ചുകൊണ്ട് ഓടിയെത്തിയ സുനന്ദയെയും ഇയാള്‍ ആക്രമിച്ചു. സമീപവാസികളെയും കോടാലി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
കേസില്‍ അറസ്റ്റിലായി റിമാൻഡിലായ ശേഷം മാവേലിക്കര സബ് ജയിലില്‍ പ്രതി കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് 78-ാം ദിവസമാണ് മാവേലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

